
ഫറോക്ക്: സംരക്ഷണമില്ലാതെ നശിക്കുന്ന ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ പുരാവസ്തു വകുപ്പ് സർവേ തുടങ്ങി. മലബാറിന്റെ ഭരണസിരാ കേന്ദ്രമാക്കുന്നതിനു വേണ്ടിയാണ് ടിപ്പു സുൽത്താൻ കോട്ട നിർമ്മിച്ചത്. 1500 ഓളം പടയാളികൾ രണ്ടര വർഷക്കാലം പണി ചെയ്താണ് കോട്ട നിർമ്മിച്ചതെന്നാണ് ചരിത്രം. പാറമുക്ക് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് ഫറൂക്കാബാദ് എന്നു ടിപ്പു പേരു നൽകി.1788 ൽ ആയിരുന്നു കോട്ടയുടെ നിർമ്മാണം.
ടിപ്പുവിന്റെ പിൻവാങ്ങലിനു ശേഷം കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിലായി. ബ്രിട്ടീഷുകാർ 8 ഏക്കറോളം വരുന്ന കോട്ടയും സ്ഥലവും കോമൺവെൽത്ത് ട്രസ്റ്റിനു കൈമാറുകയും അവരിൽ നിന്നും സ്വകാര്യ വ്യക്തിയുടെ കൈവശമെത്തുകയുമായിരുന്നു. ഇക്കാലത്താണ് കോട്ടയിലെ പീരങ്കിത്തറ, വാച്ച് ടവർ, കിടങ്ങുകൾ, കൽപ്പടവുകളോടു കൂടിയ ഭീമൻ കിണറിന്റെ കൽക്കാലുകൾ തുടങ്ങിയവയെല്ലാം നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്തു.
1991ലാണ് ടിപ്പു കോട്ടയെ പുരാവസ്തു സ്മാരകമായി കേരള സർക്കാർ പ്രഖ്യാപിച്ചത്. ചരിത്ര സ്മാരകം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഫറോക്കിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ കൾച്ചറൽ കോ ഓർഡിനേഷൻ കൗൺസിൽ ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് കോട്ടയും അനുബന്ധ ചരിത്രാവശിഷ്ടങ്ങളും സംരക്ഷിക്കുവാനും കൂടുതൽ പര്യവേക്ഷണങ്ങൾ നടത്തുവാനും 2020 മെയ് 19ന് ഹൈക്കോടതി വിധിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുരാവസ്തു വകുപ്പ് കോട്ടയിൽ സർവേ നടപടികൾ തുടങ്ങിയത്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഉദ്യോഗസ്ഥനും പുരാവസ്തു വകുപ്പ് സർവേ ഫീൽഡ് അസിസ്റ്റന്റുമായ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സർവേ നടപടികൾക്ക് എത്തിയത്. വി.കെ.സി മമ്മദ് കോയ എം.എൽ.എ കോട്ട സന്ദർശിക്കുകയും സർവേ നടപടികളുടെ പുരോഗതി ചർച്ച നടത്തുകയും ചെയ്തു. ടിപ്പു സുൽത്താൻ കോട്ടയിൽ ചരിത്ര പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും കോട്ട സന്ദർശിക്കാൻ അനുവാദം നൽകണമെന്നും ഫറോക്ക് കൾച്ചറൽ കോ ഓർഡിനേഷൻ കൗൺസിലും യുവകലാ സാഹിതി ബേപ്പൂർ മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.