1

പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം മത്സ്യഭവന്റെ പ്രവർത്തനം അവതാളത്തിലായത് മത്സ്യത്തൊഴിലാളികളെ വലയ്ക്കുന്നു. തുടക്കത്തിൽ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനമെങ്കിലും ആവശ്യങ്ങൾ പരിഗണിച്ച് 2018ൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മത്സ്യഭവന്റെ പ്രവർത്തനം മാറ്റിസ്ഥാപിച്ചു. ഫിഷറീസ്, ക്ഷേമനിധി, മത്സ്യഫെഡ് ഓഫീസുകളുടെ പ്രവർത്തനവും സേവനവും മത്സ്യ ഗ്രാമങ്ങളിൽ നേരിട്ട് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.

മൂന്ന് ഓഫീസുകളുടെയും പ്രവർത്തനം പ്രത്യേക ദിവസങ്ങളിൽ ക്രമീകരിച്ചിട്ടുണ്ടെങ്കിലും പള്ളം മത്സ്യഭവനു മുന്നിൽ ആവശ്യക്കാരുടെ വൻ തിരക്കാണ്. ഇതാണ് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റിക്കുന്നത്. ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമായി അധികൃതർ പറയുന്നത്. എന്നാൽ ജീവനക്കാർ സമയത്ത് ഓഫീസിലെത്താത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. തിരക്ക് വർദ്ധിക്കുന്നതിനാൽ കൊവിഡ് കാലത്തും ജീവനക്കാരും ആവശ്യക്കാരും തമ്മിലുള്ള കൊമ്പുകോർക്കലും പതിവാണ്. പലപ്പോഴും പൊലീസിനെ ഉപയോഗിച്ചാണ് തിരക്ക് നിയന്ത്രിക്കുന്നത്. രാവിലെ 8 മുതൽ തുടങ്ങുന്ന തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. പുതുതായി ചേർക്കപ്പെടുന്ന മത്സ്യ തൊഴിലാളികളുടെ ലിസ്റ്റ് ഓരോ വർഷവും പ്രസിദ്ധീകരിക്കാറുണ്ട്. ജീവനക്കാരുടെ അനാസ്ഥകാരണം ഇപ്രാവശ്യത്തെ ലിസ്റ്റിൽ അപാകതയുണ്ടെന്നും തൊഴിലാളികൾ പറയുന്നു. ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുന്നില്ലെന്നും പരാതിയുണ്ട്.

ഫിഷറീസ് ഓഫീസ്

മത്സ്യത്തൊഴിലാളി ലിസ്റ്റ് സമയബന്ധിതമായി പ്രസിദ്ധീകരിക്കുക, ദുരന്ത - ദുരിതബാധിതർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, അവരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എത്തിക്കുക, ഭവന നിർമ്മാണം, തീരജ്യോതി (വീട് വയറിംഗ്), സാനിറ്റേഷൻ (കക്കൂസ് നിർമ്മാണം), അപകടത്തെ തുടർന്നുള്ള ചികിത്സാ ആനുകൂല്യം, അപകടത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള ആനുകൂല്യം, പെൻഷനുകൾ, വിവാഹ ധനസഹായം, ഉന്നത പഠനത്തിനുള്ള സഹായം തുടങ്ങിയവയെല്ലാം ഫിഷറീസ് ഓഫീസിന് മുഖേനയാണ് നൽകുന്നത്.

ക്ഷേമനിധി ഓഫീസ്

ക്ഷേമനിധിയിൽ പുതിയ അംഗങ്ങളെ ചേർക്കൽ, അംശാദായം സ്വീകരിക്കൽ, ആനുകൂല്യ വിതരണം, അപാകതകൾ പരിഹരിക്കൽ തുടങ്ങിയവ ഈ ഓഫീസിലൂടെ നടപ്പാക്കുന്നു.

മത്സ്യഫെഡ് ഓഫീസ്

മണ്ണെണ്ണ പെർമിറ്റ്, തൊഴിലാളി ക്ഷേമ ഇൻഷ്വറൻസ്, വ്യക്തിഗത - ഗ്രൂപ്പ് - വ്യാപാര ലോണുകൾ തുടങ്ങിയവയാണ് ഈ ഓഫീസ് മുഖേന നിർവഹിക്കപ്പെടുന്നത്.

അനർഹർ കടന്നുകൂടുന്നത് തടയുന്നതിനും ശരിയായ അന്വേഷണം നടത്തി ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണം

അടിമലത്തുറ ക്രിസ്തുദാസ്, ചർച്ചാ വേദി കോഓർഡിനേറ്റർ

ജീവനക്കാർ കുറവുള്ളപ്പോൾ അപേക്ഷകളുടെ ബാഹുല്യം കൂടുതലാണ്. കിട്ടിയ അപേക്ഷകളുടെ വെരിഫിക്കേഷനും ഒന്നിലധികം ഓഫീസുകളുടെ ചുമതലയുമുള്ളതിനാൽ കാര്യങ്ങൾ കൃത്യതയോടെ നിർവഹിക്കാൻ പലപ്പോഴും കഴിയുന്നില്ല

വിനോദ് , ഫിഷറീസ് ഓഫീസർ