
കൊവിഡിൽ മുങ്ങി നിൽക്കുന്ന കേരളത്തെ ആക്രമിക്കാൻ മറ്റൊരു വില്ലൻ കൂടി വരുണ്ട്, ഡെങ്കിപ്പനി. ഇടവിട്ടുള്ള മഴയും തണുത്ത കാലാവസ്ഥയും കാരണം
കേരളത്തിൽ കൊതുകിന്റെ സാന്ദ്രത വർദ്ധിച്ച് വരികയാണ്. കൊവിഡ് സമ്പർക്ക രോഗികളിൽ മുന്നിൽ നിൽക്കുന്ന തിരുവനന്തപുരം പോലുള്ള ജില്ലകളിൽ കൊതുകുകൾ വർദ്ധിക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ
കൊതുകിന്റെ ഉറവിട നശീകരണത്തിൽ അധികൃതരും നാട്ടുകാരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്.
ഈഡിസ് ഈജിപ്റ്റി എന്ന വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ടൈഗർ മോസ്കിറ്റോ എന്നും ഇവ അറിയപ്പെടുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന മഴയും കെട്ടിക്കിടക്കുന്ന ശുദ്ധജലവും ഒരുപോലെ കൊതുക് ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളാണ്.
പനി പലതരം
കടുത്ത സന്ധിവേദനയും പേശി വേദനയുമുള്ളതിനാൽഡെങ്കിപ്പനിക്ക് ബ്രേക്ക് ബോൺ ഫീവർ എന്നും പേരുണ്ട്. 105 ഡിഗ്രി വരെയുള്ള കടുത്ത പനി ഇതിന്റെ ലക്ഷണമാണ്. തീവ്രമായ ശരീര വേദനയും ഓർക്കാനവും ഛർദ്ദിയും ഉണ്ടാകാം. കടുത്ത തലവേദനയും വെളിച്ചത്തേക്ക് നോക്കാൻ പ്രയാസവും കണ്ണ് ചലിപ്പിക്കുമ്പോൾ വേദന വർദ്ധിക്കുന്നതും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. കൂടാതെ പനി തുടങ്ങി മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ നെഞ്ചിന്റെ ഭാഗത്ത് ആരംഭിച്ച് തൊലിപ്പുറത്ത് വ്യാപിക്കുന്ന തരത്തിലുള്ള ചില തിണർപ്പുകൾ പ്രത്യക്ഷപ്പെടാം.
ശരിയായ വിശ്രമവും ആഹാര നിയന്ത്രണവും ചെറിയ ചികിത്സയും കൊണ്ട് സാധാരണ ഡെങ്കിപ്പനി മാറുന്നതാണ്. ഇതിനായി വീര്യം കുറഞ്ഞ ആയുർവേദ മരുന്നുകൾ മതിയാകും.
എന്നാൽ, ഒന്നിലധികം സിറോ ടൈപ്പ് വൈറസുകൾ ഒരുമിച്ച് ബാധിക്കുന്നവരിൽ ഗുരുതരവും മരണത്തിന് തന്നെ കാരണമാകാവുന്നതും സങ്കീർണ്ണവുമായ അവസ്ഥയുണ്ടാകാം. ഇതിനെ ഡെങ്കി ഹെമറേജിക് ഫീവർ എന്നാണ് വിളിക്കുന്നത്. ഇതിന് ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ ആവശ്യമാണ്.
ഡെങ്കി ഹെമറേജിക് ഫീവറിൽ സാധാരണ ലക്ഷണങ്ങളെ കൂടാതെ പെട്ടെന്നുള്ള പനി, മുഖം ചുവന്നു തുടുക്കുക, വളരെ കടുത്ത വേദന, ക്ഷീണം, മോണയിൽ നിന്നും മൂക്കിൽ നിന്നും രക്തം വരിക, രക്തം തുപ്പുകയോ ഛർദ്ദിക്കുകയോ ചെയ്യുക, മലത്തിലൂടെ രക്തം പോകുക, കരൾ വീക്കം എന്നിവയും കാണാം.രോഗം വർദ്ധിച്ച് രക്തചംക്രമണം തടസപ്പെടുന്നതിലൂടെ രക്തസമ്മർദ്ദം കുറഞ്ഞ് മരണവും സംഭവിക്കാം.
ഡെങ്കിപ്പനി ബാധിതരിൽ മൂന്നാം ഘട്ടമായി സംഭവിക്കാവുന്ന ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ഡെങ്കി ഷോക്ക് സിൻഡ്രോം. ആന്തരിക രക്തസ്രാവം കൂടുതൽ വേഗത്തിൽ സംഭവിച്ച് പെട്ടെന്ന് രക്തസമ്മർദ്ദം കുറഞ്ഞ് രോഗി മരണമടയുന്നതിന് സാദ്ധ്യതയുള്ള അവസ്ഥയാണിത്. ആശുപത്രിയിൽ കിടത്തിയുള്ള അടിയന്തര ചികിത്സ ഈ അവസ്ഥയിൽ ആവശ്യമാണ്.
പകർച്ച തടയും കൊതുകുവല
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗമല്ല ഡെങ്കിപ്പനി. രോഗമുള്ള ഒരാളിനെ കടിച്ച കൊതുക് മറ്റൊരാളിനെ കടിക്കുന്നതിലൂടെ മാത്രമേ ഡെങ്കിപ്പനി പകരുകയുള്ളൂ. അതിനാൽ പനിയുള്ള എല്ലാവരും കൊതുകുവല ഉപയോഗിക്കുന്നത് നല്ലത്. ഏത് തരം പനി ഉണ്ടായാലും ഉടൻ തന്നെ ഒരു കൊതുകു വലയ്ക്കുള്ളിൽ താമസിക്കുന്നത് മറ്റുള്ളവർക്ക് രോഗം ഉണ്ടാകാതിരിക്കാനുള്ള സാമൂഹ്യപ്രതിബദ്ധതയായി കാണണം.
ഡെങ്കിപ്പനി ഏതു പ്രായക്കാരെയും ബാധിക്കാവുന്നതാണ്. രോഗവാഹകരായ കൊതുക് കടിച്ച് 3 മുതൽ 10 ദിവസത്തിനകം രോഗലക്ഷണങ്ങൾ ആരംഭിക്കും.
എല്ലാ ഡെങ്കിപ്പനിയും മരണത്തിലേക്ക് നയിക്കുന്നതല്ല. ഫലപ്രദമായ ആയുർവേദ ചികിത്സ ഡെങ്കി ഫിവർ രോഗികൾക്ക് നൽകാനാകും. എന്നാൽ, ഡെങ്കി ഹെമറാജിക് ഫിവർ, ഡെങ്കി ഷോക്ക് സിൺഡ്രോം എന്നിവ സംശയിക്കുന്ന രോഗികളെ കൂടുതൽ സൗകര്യവും വിശ്വാസവുമുള്ള ആശുപത്രികളിൽ കിടത്തി ചികിത്സിക്കുന്നതാണ് നല്ലത്. സൗകര്യമുള്ള ഒരു ആശുപത്രിയിൽ അഡ്മിറ്റായ ഒരാളിന്റെ പ്ലേറ്റ്ലറ്റ് കൗണ്ടും മറ്റും ഉദ്ദേശിക്കുന്ന രീതിയിൽ വ്യത്യാസം വരാതിരിക്കുമ്പോൾ ഡോക്ടറുടെ നിർദേശമില്ലാതെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് രോഗിയെ മാറ്റുന്നത് കാര്യങ്ങൾ കൂടുതൽ വഷളാകാനേ ഉപകരിക്കു. ആവശ്യത്തിലേറെ ടെൻഷൻ രോഗിക്കും ബന്ധുക്കൾക്കുമുണ്ടാകും. പെട്ടെന്ന് രോഗം കുറയ്ക്കുവാൻ ഡോക്ടറെ നിർബന്ധിക്കുന്നത് ഡോക്ടറെയും സമ്മർദ്ദത്തിലാക്കും. രോഗിയെ കിടത്തിചികിത്സയ്ക്ക് വിധേയമാക്കുമ്പോൾ തന്നെ ആവശ്യമായ ചർച്ചകൾ നടത്തി ഉചിതമായ തീരുമാനമാണെടുത്തതെന്ന് ഉറപ്പാക്കണം.
പുക നല്ലത്
രോഗം പകരുന്നതിന് കൊതുകിന്റെ സാന്ദ്രത ഒരു പ്രധാന ഘടകമാണ്. കൊതുകിന്റെ സാന്ദ്രത കുറയ്ക്കുന്നതിനായി പുകയ്ക്കുവാൻ ഉപയോഗിക്കുവാനുള്ള അപരാജിത ധൂമ ചൂർണ്ണം എല്ലാ പഞ്ചായത്തിലും സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. ഒരു പ്രദേശത്തെ എല്ലാ വീടുകളിലും ഒരേസമയത്ത് പുകയ്ക്കുകയാണെങ്കിൽ കൊതുകിനെ ഫലപ്രദമായി തടയാനും അതിലൂടെ കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കാനും കഴിയും.