sss

തിരുവനന്തപുരം: കന്നിവെയിലും പെരുമഴക്കാലവും ഇടയ്ക്കിടെ മാറി വരുമ്പോഴും പൊന്മുടി നിരകളിൽ മഞ്ഞിൻ പുതപ്പിന്റെ ആവരണം മാറുന്നില്ല. കുന്നിൻ ചെരിവുകളെ തൂവെള്ള മേഘങ്ങൾ മൂടുകയും ഞൊടിയിടെ മറയുകയും ചെയ്യുന്ന മനോഹര കാഴ്ചയിലാണ് പൊന്മുടി. എന്നാൽ സംസ്ഥാനത്തെ മറ്റ് ടൂറിസം കേന്ദ്രങ്ങൾ തുറന്നെങ്കിലും ഇവിടെ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ സഞ്ചാരികൾക്ക് കാഴ്ചകൾ ഇനിയും ആസ്വദിക്കാനായില്ല. കല്ലാർ പാലത്തിൽ നിന്ന് ആരംഭിക്കുന്ന പൊന്മുടി യാത്രയിൽ ഒന്നാം ഹെയർപിൻ വളവ് കഴിയുന്നതോടെ തണുപ്പ് അരിച്ചിറങ്ങുകയായി. ഹിൽസ്റ്റേഷനിലെത്തുമ്പോൾ മഴക്കാടുകളും ചോലവനങ്ങളും തേയിലത്തോട്ടങ്ങളും മഞ്ഞിൽ കുളിക്കുന്ന കാഴ്ചകളാണ് എവിടെയും. സഞ്ചാരികളിൽ പലരും ട്രക്കിംഗിനായി വരയാട്ടുമൊട്ടയിലേക്കും പോകാറുണ്ട്. അപ്പർ സാനിറ്റോറിയത്തിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരെയാണ് വരയാട്ടുമൊട്ട. ' മലയാളിയുടെ ഊട്ടി'യായ പൊന്മുടിയിൽ തിരുവിതാംകൂർ രാജാക്കന്മാരാണ് ആദ്യമായി വിശ്രമസങ്കേതങ്ങൾ നിർമ്മിച്ചത്. മഞ്ഞും വെയിലും മാറിവരുന്ന അപൂർവ സുന്ദരക്കാഴ്ചയ്‌ക്കൊപ്പം ഇടയ്‌ക്കിടെ ചിതറിവീഴുന്ന മഴത്തുള്ളികളും ഏറെ കൗതുകകരമാണ്.

പ്രവേശനം തീരുമാനമായില്ല

സംസ്ഥാനത്ത് ഇന്നലെ ടൂറിസം വകുപ്പ് തുറന്ന 114 ടൂറിസം കേന്ദ്രങ്ങളിൽ പൊന്മുടിയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇവിടെ സഞ്ചാരികൾക്ക് പ്രവേശനം നൽകിയില്ല. വനംവകുപ്പിന്റെ കീഴിലുള്ള പൊന്മുടി പ്രദേശത്തിന്റെ നിയന്ത്രണം ആദിവാസി വിഭാഗക്കാർ നേതൃത്വം നൽകുന്ന വന സംരക്ഷണ സമിതി (വി.എസ്.എസ് ) എന്ന കമ്മിറ്റിക്കാണ്. ഇവരുടെ തീരുമാനം ലഭിച്ചാൽ മാത്രമേ പൊന്മുടി സഞ്ചാരികൾക്കായി തുറക്കാൻ വനംവകുപ്പിന് സാധിക്കൂ.


പൊന്മുടി

കടൽത്തീരത്തുനിന്നു അധികം ദൂരത്തിലല്ലാതെ സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുന്ന ഹിൽസ്റ്റേഷനെന്ന പ്രത്യേകത പൊന്മുടിക്ക് മാത്രമുള്ളതാണ്. അറബിക്കടലിൽ നിന്നും 61 കിലോമീറ്റർ മാറി വടക്കുകിഴക്കായി പശ്ചിമഘട്ടത്തിലാണ് പൊന്മുടി സ്ഥിതിചെയ്യുന്നത്.

പൊന്ന് സൂക്ഷിക്കുന്ന പൊന്മുടി

മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ 'പൊന്മുടി' എന്ന പേരുവന്നതെന്നാണ് ആദിവാസികളുടെ വിശ്വാസം. എന്നാൽ പുരാതന കാലത്തുണ്ടായിരുന്ന ബുദ്ധ - ജൈന സംസ്‌കാരമാണ്‌ 'പൊന്മുടി' എന്ന പേരിന് പിന്നിലെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നിങ്ങനെ വിളിച്ചതിൽ നിന്നാണ്‌ ഈ മലയ്ക്ക് പൊന്മുടി എന്ന പേരുണ്ടായതെന്നും പറയുന്നു.

 സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 3002 അടി
 ഹെയർപിൻ വളവുകൾ - 22