
മാള: വീട്ടിൽ സാധനങ്ങൾ കൊണ്ടുവന്ന ശേഷം ഉപയോഗശൂന്യമായ കാർട്ടണുകളോടാണ് എട്ടാം ക്ലാസുകാരനായ സോയ്.കെ.വർഗീസിന് പ്രിയം. ഈ കാർട്ടണുകളെല്ലാം ചന്തമുള്ള ആനവണ്ടിയും ലോറിയും ട്രക്കുകളുമായി രൂപത്തിലും വർണ്ണത്തിലും മാറ്റിയെടുക്കും സോയ്. ലോക്ക് ഡൗൺ കാലത്ത് വെറുതെയിരുന്നപ്പോൾ തുടങ്ങിയതാണ് ഈ കരവിരുത്. പിന്നെ ലോക്ക് ഡൗൺ കഴിഞ്ഞാണ് പണികളെല്ലാം പൂർത്തിയാക്കിയത്. കെ.എസ്.ആർ.സി.ബസ്, കണ്ടെയ്‌നർ, ട്രക്ക്, നാഷണൽ പെർമിറ്റ് ലോറികൾ, ജീപ്പ് തുടങ്ങിയ വാഹനങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. ഒറിജിനൽ വാഹനത്തിന്റെ അളവിന് ആനുപാതികമായാണ് വാഹനങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. ഉപയോഗശൂന്യമായ കാർട്ടണുകളും ഈർക്കലികളും പശയും മാത്രമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ശരാശരി രണ്ട് ആഴ്ചയെടുത്താണ് ഒരു വാഹനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഒറ്റനോട്ടത്തിൽ ഒറിജിനലിന്റെ തനി രൂപമാണ്. കുഴൂർ കോട്ടയ്ക്കൽ വർഗീസിന്റെയും കുഴൂർ കണ്ടംകുളത്തി വൈദ്യശാലയിലെ ജീവനക്കാരിയായ സിനിയുടേയും മകനായ സോയ് കെ.വർഗീസ് കുണ്ടൂർ സെന്റ് ജോസഫ് കേബ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
'സ്‌കൂളിൽ ക്രാഫ്റ്റ് ഇനങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കാർട്ടൺ ഉപയോഗിച്ച് വാഹനം നിർമ്മിച്ച് നിറങ്ങൾ നൽകുന്നതടക്കം ശരാശരി 50 രൂപയിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ.വാഹനങ്ങളോടുള്ള കമ്പം കാരണമാണ് ഇത്തരത്തിൽ കരവിരുതിനെ ഉപയോഗിച്ചത്. കുഞ്ഞായിരിക്കുമ്പോൾ മുതൽ വാഹനങ്ങളോട് വലിയ ഇഷ്ടമാണ്'
സോയ് കെ.വർഗീസ്