
തൊഴിൽ രഹിതർ ഏറെയുള്ള നാടായിട്ടും പല പണിക്കും ആളെ കിട്ടുന്നില്ലെന്നതാണ് കേരളം നേരിടുന്ന വലിയ പ്രശ്നം. വെള്ളക്കോളർ ജോലിയോടുള്ള കടുത്ത അഭിനിവേശം കാരണം പട്ടിണികിടക്കേണ്ടിവന്നാലും ഒരു തൊഴിലിനും പോവുകയില്ലെന്ന വാശി പൊതുവേ കാണാം. ഓർക്കാപ്പുറത്ത് കടന്നുവന്ന കൊവിഡ് മഹാമാരി പഠിപ്പിച്ച പുതിയ പാഠങ്ങളിൽ ഏറ്റവും പ്രധാനം തൊഴിലിനോടുള്ള പലരുടെയും സമീപനത്തിൽ വന്ന ആശാസ്യമായ മാറ്റമാണ്. ജീവിക്കാൻ വേണ്ടി എന്തു തൊഴിലെടുക്കാനും തയ്യാറായി രംഗത്തിറങ്ങിയവരെ ഇപ്പോൾ എവിടെയും കാണാം. തൊഴിലിന്റെ മഹത്വം കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. വലിയ ഉദ്യോഗത്തിലിരുന്ന് കൊവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടവരിൽ പലരും കുടുംബം പുലർത്താൻ എന്തെല്ലാം വഴികളാണു നോക്കുന്നത്. അപ്പോഴും സാധാരണ കൂലിപ്പണിക്ക് അധികമാരെയും ലഭിക്കുന്നില്ല എന്നതും എടുത്തുപറയേണ്ടതുണ്ട്.
തൊഴിൽ എന്നാൽ ഉടുപ്പ് ഉലയാത്ത സുരക്ഷിത ജോലിയാണെന്ന പരമ്പരാഗത സങ്കല്പം തിരുത്തുന്നതാണ് കാസർകോട് ജില്ലയിലെ കൊടക്കാട് വേങ്ങപ്പാറ ഗ്രാമത്തിലെ ഏതാനും ചെറുപ്പക്കാർ മുന്നോട്ടുവയ്ക്കുന്ന മാതൃക. ഉന്നത സാങ്കേതിക ബിരുദങ്ങൾ കൈയിലിരിക്കെ തന്നെ പറ്റിയ തൊഴിലിനു വേണ്ടി അലയാൻ തയ്യാറാകാതെ പാടത്തും പറമ്പിലും പണിക്കിറങ്ങാൻ മുന്നോട്ടുവന്ന ഈ ചെറുപ്പക്കാരുടെ കൂട്ടായ്മയെക്കുറിച്ച് 'കേരളകൗമുദി" കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. പതിമൂന്നു പേരടങ്ങിയ ഈ സംഘം നാട്ടുകാർ എന്തു ജോലിക്കു വിളിച്ചാലും ഓടിയെത്തും. കൊയ്ത്ത്, വയലിൽ നിന്ന് കറ്റ എത്തിക്കൽ, കാടുവെട്ട്, പറമ്പിലെ പണികൾ, വീടുനിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ ചുമന്ന് എത്തിക്കൽ തുടങ്ങി ഏതു പണി ചെയ്യാനും ഇവർ ഒരുക്കം. കൂലിക്ക് വിലപേശില്ല. അറിഞ്ഞു കൊടുക്കുന്ന കൂലി സ്വീകരിക്കും. കൊടുക്കുന്നത് കൂടുതലാണെന്നു കണ്ടാൽ അധികമുള്ളത് മടക്കി നൽകും. കൂട്ടുകാരായ അഞ്ചുപേർ ചേർന്നാണ് പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്. ലോക്ക് ഡൗൺ സൃഷ്ടിച്ച തൊഴിൽ സ്തംഭനത്തിൽ നാടാകെ നിശ്ചലമായപ്പോൾ ഉദിച്ച ആശയമാണിത്. 'പഠിപ്പും വിവരവുമുള്ള" പിള്ളേർ പാടത്തും പറമ്പിലും പണിക്കിറങ്ങുന്നതു കണ്ട് നാട്ടുകാർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് മനസ്സറിഞ്ഞുള്ള പ്രോത്സാഹനമായി. കൂട്ടുകാരുടെ ഉദ്യമത്തെ സഹായിക്കാൻ ആളുകൾ മുന്നോട്ടുവരാൻ തുടങ്ങിയതോടെ സംഘത്തിൽ കൂടുതൽ യുവാക്കൾ എത്തുകയും ചെയ്തു. യോഗ്യതയും സർട്ടിഫിക്കറ്റും ഉണ്ടെന്നു കരുതി വെറുതെയിരുന്നാൽ ജീവിതം പാഴാവുകയേയുള്ളൂ എന്ന തോന്നലിൽ നിന്നാണ് പണിക്കിറങ്ങാനുള്ള തീരുമാനമുണ്ടായതെന്ന് സംഘത്തലവനായ അജിത് രാജ് പറയുമ്പോൾ വലിയ സത്യമുണ്ട് അതിൽ. യുവജനത മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ട ജീവിതപാഠം കൂടിയാണത്. തൊഴിൽ സംസ്കാരത്തെക്കുറിച്ച് ഏറെ പറഞ്ഞുകേൾക്കാറുണ്ടെങ്കിലും നാലക്ഷരം കൂടുതൽ പഠിച്ചവർ കൂലിപ്പണിക്കിറങ്ങുന്നത് സമൂഹത്തിനു തന്നെ സങ്കല്പിക്കാനാകാത്ത കാര്യമാണ്. തൊഴിലില്ലാത്തതല്ല തൊഴിലിന് ആളെ ലഭിക്കാത്തതാണ് സംസ്ഥാനത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കുന്ന ഘടകങ്ങളിലൊന്ന്. എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നവരുടെ കണക്കു കാണിച്ച് സർക്കാരിനെ വിമർശിക്കാൻ നൂറു നാക്കാണ്. ഈ വിമർശകർ പോലും തൊഴിലിന്റെ മഹത്വം അംഗീകരിക്കാൻ ഒരുക്കമല്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം.
കാസർകോട്ടെ പതിമൂന്നു ചെറുപ്പക്കാർ സംസ്ഥാനത്തെ തൊഴിൽ സംസ്കാരം ഒറ്റയടിക്കു മാറ്റിയെടുക്കുമെന്നോ തൊഴിലില്ലാതെ വീടുകളിൽ വെറുതേയിരിക്കുന്ന യുവതീയുവാക്കളെല്ലാം കൈക്കോട്ടും അരിവാളുമായി പാടത്തും പറമ്പിലും കൂലിപ്പണിക്കായി ചാടിയിറങ്ങുമെന്നോ ആരും കരുതുകയില്ല. ഏതു നിലയിലും അത് അസംഭവ്യവുമാണ്. എന്നാൽ ഈ യുവാക്കൾ മുന്നോട്ടുവയ്ക്കുന്ന മാതൃക തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട വലിയൊരു സന്ദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഏതു തൊഴിലെടുക്കുന്നതിനും അഭിമാനക്ഷതം തോന്നേണ്ടതില്ല. എല്ലാ തൊഴിലും മഹത്വപൂർണമുള്ളതു തന്നെയാണ്. ഉയർന്ന അക്കാദമിക് യോഗ്യത സാധാരണ തൊഴിലിലേർപ്പെടാൻ ഒരിക്കലും വിലങ്ങുതടിയാകേണ്ടതില്ല.
കാർഷിക രംഗത്ത് കേരളത്തിനു മുന്നേറ്റമുണ്ടാക്കാൻ കഴിയാതെ പോയതിനു പ്രധാന കാരണം പാടത്തും പറമ്പിലും പണിചെയ്യാൻ ആളെ കിട്ടാത്തതാണ്. ഏറ്റവും ഉയർന്ന കൂലി കൂടിയായപ്പോൾ കൃഷി ഏറ്റവും അനാകർഷകമായി മാറുകയും ചെയ്തു. പഴയ പല ശീലങ്ങളും മാറ്റാനും പുതിയവ പരീക്ഷിക്കാനുമുള്ള അസുലഭ വേളയാണ് മഹാമാരി സമൂഹത്തിനു മുമ്പിൽ തുറന്നിട്ടത്. വീട്ടിൽ വെറുതെയിരുന്നാൽ ജീവിതം തുരുമ്പിച്ചു പോവുകയേയുള്ളൂ എന്നു ഇപ്പോൾ പലരും മനസിലാക്കുന്നുണ്ട്. ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ പലരും പുതിയ വഴികൾ കണ്ടെത്താൻ നിർബന്ധിതരായി. അദ്ധ്വാനിച്ചാൽ ജീവിതം കരുപ്പിടിപ്പിക്കാനാവുമെന്ന് കണ്ടെത്തുകയും ചെയ്തു. കൂലിപ്പണിക്ക് ആളെ കിട്ടാത്ത സാഹചര്യം മാറ്റിയെടുക്കാൻ തൊഴിൽ രഹിതരായ ചെറുപ്പക്കാർ വിചാരിച്ചാൽ കഴിയും. കാസർകോട് കണ്ടതുപോലെ ചെറുപ്പക്കാരുടെ കൂട്ടായ്മയുണ്ടാവുകയാണ് ഇതിനു വേണ്ടത്. അദ്ധ്വാനിക്കാൻ മനസും ആരോഗ്യവും ഉണ്ടെങ്കിൽ ഒന്നും അസാദ്ധ്യമല്ല. ഒന്നുകൂടിയുണ്ട്. ഒരു തൊഴിലും മറ്റൊന്നിനെക്കാൾ താഴെയല്ല എന്ന ചിന്തയും വേണം. സിനിമാ കഥകളിൽ മാത്രമല്ല സാധാരണ നാട്ടുജീവിതത്തിലും ചെറുപ്പക്കാർ വിചാരിച്ചാൽ പുതുവഴികൾ വെട്ടിത്തെളിക്കാനാകും. സമൂഹം അവരോടൊപ്പം തന്നെ ഉണ്ടാകും.