stadium

ആര്യനാട്: അന്താരാഷ്ട്ര നിലവാരത്തിൽ ആര്യനാട്ട് നിർമ്മിക്കുന്ന എ.പി.ജെ. അബ്ദുൾ കലാം സ്റ്റേഡിയം അന്തിമ ഘട്ടത്തിൽ. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ ഒട്ടേറെ കായിക പ്രതിഭകളെ വാർത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആര്യനാട്ടുകാർ. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ആനന്ദേശ്വരത്തുള്ള 64 സെന്റിൽ കേന്ദ്ര സർക്കാരിന്റെ അർബൻ ഫണ്ടുപയോഗിച്ച് ഒരു കോടി രൂപയ്‌ക്ക് നിർമ്മിക്കുന സ്റ്റേഡിയത്തിൽ ഇൻഡോർ സംവിധാനവുമുണ്ട്.

5000 സ്‌ക്വയർ ഫീറ്റുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ മൂന്ന് ബാഡ്മിന്റൻ കോർട്ട്, ഒരു വോളിബാൾ കോർട്ട്, ബാസ്‌ക്കറ്റ് ബാൾ കോർട്ട് എന്നിവ ഒരുക്കിയിട്ടുണ്ട്. പുറത്തുള്ള സ്ഥലത്ത് ഫുട്ബാൾ കോർട്ട്, അന്തർദ്ദേശീയ നിലവാരത്തിൽ ഐ.സി.സി.അംഗീകരിച്ച രണ്ട് ക്രിക്കറ്റ് പ്രാക്റ്റീസ് ഫ്ളക്സ് പിച്ച് എന്നിവയൊരുക്കും.

പി.എസ്.എസിയുടെ വിവിധ ലിസ്റ്റുകളിലുള്ള ഉദ്യോഗാർത്ഥികൾക്കായി കായിക പരിശീലനം നൽകാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലകനെ നിയമിക്കാനും ലക്ഷ്യമുണ്ട്.

നെടുമങ്ങാട് താലൂക്കിൽ പിന്നാക്കം നിൽക്കുന്ന ആര്യനാട്ട് നിന്ന് ദേശീയ - അന്തർദേശീയ തലത്തിൽ കായിക താരങ്ങളെ സൃഷ്ടിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. അതിനായി മികച്ച പരിശീലകരുടെ നേതൃത്വത്തിൽ ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൻ തുടങ്ങിയ ഇനങ്ങളിൽ പരിശീലനമൊരുക്കും.

പഞ്ചായത്ത് കേരളോത്സവമുൾപ്പെടെയുള്ള കായിക മത്സരങ്ങൾക്കായി മറ്റ്സ്റ്റേഡിയങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. പുതിയ സ്റ്റേഡിയം വരുന്നതോടെ ഇതൊഴിവാക്കാനാകും.

'പഞ്ചായത്തിൽ പൊതുസ്റ്റേഡിയം വേണമെന്നത് ഗ്രാമസഭകളിൽ യുവാക്കളുടെ പ്രധാന ആവശ്യമായിരുന്നു. തുടർന്നാണ് റർബൻ ഫണ്ടിലുൾപ്പെടുത്തി സ്റ്റേഡിയം നിർമ്മിക്കാൻ ഭരണ സമിതി തീരുമാനിച്ചത്".

-എസ്. ഷാമിലാബീഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്