
22 വർഷത്തെ ജീവിതത്തിന് ശേഷം ഗാന്ധിജി ദക്ഷിണാഫ്രിക്കയോട് വിടപറയുമ്പോൾ അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും ആരാധകരിൽ നിന്നും ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വർണാഭരണങ്ങളും കസ്തൂർബാ ഗാന്ധിയുടെ എതിർപ്പിനെ, ഉപദേശ രൂപേണ അവഗണിച്ചുകൊണ്ട് ഗാന്‌ധിജി, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജരുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിച്ചു.
ഗംഗാനദിയുടെ കരയിൽ വച്ച് നടത്തിയ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധിജിയും നെഹ്‌റുവും ഉച്ചഭക്ഷണത്തിനുശേഷം നദിയിൽ കൈകഴുകാനെത്തി. ആവശ്യത്തിലധികം ജലം ഗാന്ധിജിയുടെ കൈയിലേക്ക് നെഹ്‌റു ഒഴിച്ചപ്പോൾ ഗാന്ധിജിയുടെ മട്ടുമാറി. കൈകഴുകാൻ വെള്ളം ആവശ്യത്തിനു മാത്രം മതിയല്ലോ എന്ന ഗാന്ധിജിയുടെ പ്രതികരണം പണ്ഡിറ്റ്ജിയെ ചിന്താധീനനാക്കി. നദികൾ പരന്നൊഴുകുന്നുണ്ടെങ്കിലും ഭാരതത്തിലെ ഗ്രാമങ്ങളിൽ ഒരിറ്റ് കുടിനീരിനായി കേഴുന്നവരുടെ മുഖങ്ങളാണ് ഗാന്ധിജിയുടെ മനസിൽ തെളിഞ്ഞത്. ജലത്തിന്റെ മൂല്യത്തെക്കുറിച്ച് ഗാന്ധിജി നൽകിയ മുന്നറിയിപ്പ് നാം തിരിച്ചറിയാൻ വൈകുന്നു എന്നതാണ് ഏറെ ഖേദകരം. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകുമെങ്കിൽ അത് വെള്ളത്തിനുവേണ്ടി ആയിരിക്കുമെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ വിലയിരുത്തൽ.
ഭക്ഷണം വലിച്ചെറിയാനുള്ളതല്ല. പട്ടിണികൊണ്ട് വിശന്നുവലയുന്നവർ ഇവിടെ ധാരാളമുണ്ടെന്ന് , സ്കൂൾ കുട്ടികളെ മാത്രമല്ല മുതിർന്നവരെക്കൂടി പഠിപ്പിക്കുകയാണ് ഗാന്ധിജി. ഉച്ചഭക്ഷണ സമയത്ത് ഒരു വിദ്യാലയത്തിലെത്തിയ ഗാന്ധിജി ഉച്ചഭക്ഷണം പകുതി കഴിച്ച് ബാക്കി കളയുന്ന സമ്പന്നരുടെ മക്കളെയാണ് കണ്ടത്. കുട്ടികളോട് ക്ഷോഭമല്ല ആ മനസിലുണർന്നത് , പകരം സ്നേഹത്തിന്റെ സന്ദേശം. മക്കളെ അന്നം ദൈവം നമുക്ക് നൽകുന്ന വിശിഷ്ഠ സമ്മാനമാണ്. പാഴാക്കരുത്. അതു വിശക്കുന്ന മറ്റു കുട്ടികൾക്കും സമൂഹത്തിലെ പട്ടിണിപ്പാവങ്ങൾക്കും ഉപകരിക്കട്ടെ. എത്ര ഉദാത്തമായ ചിന്താധാര!
കൃത്യനിഷ്ഠയോടുള്ള ഗാന്ധിജിയുടെ സമീപനം പ്രസിദ്ധമാണ്. എത്ര വലിയ മഹാനായാലും സമയനിഷ്ഠ കൃത്യമായി പാലിക്കണമെന്ന കർശന നിലപാടുകാരനാണ് ഗാന്ധിജി. ഗുജറാത്തിലെ ഒരു സ്വാതന്ത്ര്യ സമര റാലിയിൽ പങ്കെടുത്തു പ്രസംഗിക്കേണ്ടവരായിരുന്നു ഗാന്ധിജിയും ബാലഗംഗാധരതിലകനും. കൃത്യസമയത്തു തന്നെ റാലിയിൽ പങ്കെടുക്കണമെന്ന് നിർബന്ധബുദ്ധിയുള്ള മഹാത്മജി യാത്രാമദ്ധ്യേ ഉണ്ടായ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കൃത്യസമയത്തുതന്നെ റാലിയിൽ പങ്കെടുത്ത് പ്രസംഗിക്കാൻ എത്തിയെങ്കിലും തിലകൻ എത്തിച്ചേരാൻ അരമണിക്കൂർ വൈകി. സമയം വളരെ വിലപ്പെട്ടതാണെന്ന സിദ്ധാന്തത്തിൽ ഒട്ടും അയവ് കാട്ടാത്ത ഗാന്ധിജിയുടെ തിടുക്കത്തിനു മുന്നിൽ റാലിയുടെ സംഘാടകർക്ക് വഴങ്ങേണ്ടിവന്നു. യോഗമാരംഭിച്ച് അരമണിക്കൂറിനുള്ളിൽ തിലകൻ എത്തിയെങ്കിലും ക്ഷമാപണഭാവം അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിക്കാൻ അരമണിക്കൂർ കൂടി താമസമുണ്ടാകുകയാണെങ്കിൽ അതിന്റെ പരിപൂർണ ഉത്തരവാദിത്വം തിലകനായിരിക്കുമെന്ന പ്രസംഗത്തിനിടയിലുള്ള ഗാന്ധിജിയുടെ സരസ പരാമർശം സദസ്യരെ രസിപ്പിച്ചെങ്കിലും തിലകൻ വരാൻ വൈകിയതിലുള്ള പ്രതിഷേധത്തിന്റെ അലകൾ കൂടി ഗാന്ധിജിയുടെ വാക്കുകളിൽ പ്രകടമായിരുന്നു.
കണ്ണാടി നോക്കാത്ത ലോകാരാദ്ധ്യനായ നേതാവ് ഒരുപക്ഷേ ഗാന്ധിജി മാത്രമായിരിക്കും! അദ്ദേഹത്തിന്റെ നിത്യജീവിതത്തിലെ യഥാർത്ഥ കണ്ണാടി പട്ടിണിപ്പാവങ്ങളും സമരമുഖങ്ങളും ജയിലറകളുമായിരുന്നു.
ഫ്രഞ്ച് കാർട്ടൂണിസ്റ്റായ കാബ്രേൽ വരച്ച കാർട്ടൂൺ കണ്ടപ്പോഴാണ് തന്റെ ചെവിയുടെ വലിപ്പം ഗാന്ധിജിയെ അത്ഭുതപ്പെടുത്തിയത്.
ഭാരതത്തിന്റെ ആത്മാവായ ഗാന്ധിജി എന്നും ജനഹൃദയങ്ങളിൽ അമരനായിരിക്കും.
എം. രവീന്ദ്രൻ
മണമ്പൂർ