
മലയാള സിനിമയിൽ വിധു വിൻസെന്റ്, അഞ്ജലി മേനോൻ, ഗീതു മോഹൻദാസ് എന്നിവരുടെ നിരയിലേക്ക് ഒരു പുതുമുഖ സംവിധായിക കൂടി കടന്നുവരികയാണ്. പ്രവാസിയായ സംവിധായിക എന്നതിലുപരി കവി പി. കുഞ്ഞിരാമൻ നായരുടെ ചെറുമകൾ എന്ന ആദരവ് നേടിയാണ് സീമ ശ്രീകുമാർ 'ഒരു കനേഡിയൻ ഡയറി' എന്ന സിനിമയുമായി എത്തുന്നത്. സിനിമയുടെ ടീസർ നാളെ രൺജി പണിക്കർ റിലീസ് ചെയ്യും. പ്രണയം കലർന്ന സെമി സൈക്കോ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സേറ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സീമയുടെ മകൾ സിമ്രൻ ആണ്. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ 'കേരളകൗമുദി ഫ്ളാഷിനോട്' പങ്കുവയ്ക്കുകയാണ് സീമ.
സിനിമയെ കുറിച്ച്
ഒരു കനേഡിയൻ ഡയറിയുടെ ഷൂട്ടിംഗ് ഒരു ത്രില്ലിംഗ് അനുഭവം തന്നെയായിരുന്നു. സിനിമയുടെ എൺപത് ശതമാനം കാനഡയിൽ വച്ചും ഇരുപത് ശതമാനം കേരളത്തിലുമാണ് ഷൂട്ട് ചെയ്തത്. കാനഡയിലെ നാല് സീസണിലൂടെയാണ് ഒരു കനേഡിയൻ ഡയറിയിലെ കഥയും കഥാപാത്രങ്ങളും കടന്നു പോകുന്നത്. രണ്ട് വർഷം മുമ്പേ സിനിമയ്ക്കായി ശ്രമങ്ങൾ തുടങ്ങിയിരുന്നു. മഞ്ഞുകാലമാണ് കൂടുതലായി സിനിമയിൽ ചേർത്തിട്ടുള്ളത്. നയാഗ്ര വെള്ളച്ചാട്ടമൊക്കെ മൈനസ് 20 ഡിഗ്രിയിലാണ് ഷൂട്ട് ചെയ്തത്. റിസ്ക്കിയായുള്ള ഒത്തിരി ഷോട്ട്സ് സിനിമയിലുണ്ട്. പലപ്പോഴും കൈകളൊക്കെ മരവിച്ച് കാമറ ഓൺ ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടായി. കാനഡയിൽ തന്നെ ഫിലിം ഡയറക്ഷൻ പഠിച്ച് കഴിഞ്ഞിട്ടാണ് ഇതിലേക്ക് വന്നത്. അത് ഗുണകരമായി.
പുതിയ അഭിനേതാക്കൾ
സിനിമയ്ക്കായി പുതിയ കുട്ടികളെ എടുത്തതിനാൽ കൂടുതൽ ഹാർഡ് വർക്ക് ചെയ്യേണ്ടിവന്നു. എക്സ്പീരിയൻസ് ഉള്ളവർ ചെയ്യുന്നതിനെക്കാൾ എല്ലാ ഭാഗവും കൂടുതൽ ശ്രദ്ധിക്കേണ്ടതായി വന്നു. കഷ്ടമെന്ന് പറയാൻ പറ്റില്ല, പുതിയ കുട്ടികൾക്ക് ഒരു പ്ളാറ്റ്ഫോം ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
മലയാളത്തിലെ സ്ത്രീ പ്രാതിനിദ്ധ്യം
ഞാനൊരു പുതുമുഖ സംവിധായികയാണ്. പിലിം ചേമ്പറിൽ രജിസ്റ്റർ ചെയ്തിട്ടാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. അഞ്ജലി മേനോൻ ആയാലും ലക്ഷ്മി രാമകൃഷ്ണനായാലും, അവർക്കൊക്കെ കിട്ടുന്ന പരിഗണന എനിക്കും ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. സ്ത്രീകളെ പരിഗണിക്കുന്നതിൽ ഇവിടത്തെ പുരുഷന്മാർ മോശമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ, സിനിമ എന്ന് പറയുന്നത് കഷ്ടപ്പാടിലൂടെ മാത്രം വളരാൻ കഴിയുന്ന മേഖലയാണ്. എന്നെ സംബന്ധിച്ച് ഹസ്ബന്റാണ് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്.
സിനിമയിലെ സ്ത്രീ സംഘടന
സ്ത്രീ സംഘടനകൾ രൂപീകരിക്കുന്നത് മോശമായ കാര്യമല്ല. സ്ത്രീകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോഴാണല്ലോ കൂട്ടായ്മകളും സംഘടനകളും ഉണ്ടാകുന്നത്. നല്ല കാര്യങ്ങൾക്ക് മാത്രം കൂടെയുണ്ടാകും, അത് സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും..
നായികാ പ്രാധാന്യം
നായികാ പ്രാധാന്യമുള്ള സിനിമകൾ മലയാളത്തിൽ വളരെ കുറവാണ്. വല്ലപ്പോഴുമാണ് അത്തരം സിനിമകൾ ഉണ്ടാകുന്നത്. മഞ്ജുവാര്യരെ പോലെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റുന്ന നായികമാരെ കണ്ടെത്തേണ്ടതുണ്ട്. ഞാനും ഒരുപക്ഷേ അത്തരം കഥാപാത്രത്തെ അവതരിപ്പിക്കാൻ മഞ്ജുവാര്യരെയാകും സെലക്ട് ചെയ്യുക. തമിഴിൽ ജ്യോതിക. അതുപോലുള്ളവരെ നോക്കിയെടുക്കണം. മറ്റ് രണ്ട് സ്ക്രിപ്റ്റുകൾ പൂർത്തിയായിരിക്കുകയാണ്. നൂറു ശതമാനം നായികാ പ്രാധാന്യമുള്ളതും ഒന്ന് ഹൊറർ സിനിമയുടേതുമാണ്. അവയുടെ കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ല.
സിനിമ ഒ.ടി.ടി റിലീസ്
നമ്മൾ ചെയ്ത സിനിമ വലിയ സ്ക്രീനിൽ കാണാനാണ് ആഗ്രഹം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒ.ടി.ടി പ്ളാറ്റ് ഫോമാണ് അനുയോജ്യം. അടുത്ത മാസത്തേക്ക് ഒരു കനേഡിയൻ ഡയറി റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുടുംബത്തിന്റെ പിന്തുണ
സ്ത്രീകൾക്ക് വിവാഹം കഴിഞ്ഞ് പോകുന്ന ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് ലഭിക്കുന്ന പരിഗണന വലുതാണ്. അത് എനിക്ക് ഇപ്പോഴും ലഭിക്കുന്നു. എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി ഒപ്പം നിൽക്കാനും അവരുണ്ട്. ഭർത്താവ് എം.വി ശ്രീകുമാറും മക്കളും എല്ലാത്തിനും കൂടെയുണ്ട്.