anganavadi

കാരേറ്റ്: കാടുകയറി ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ആവാസ കേന്ദ്രമായി ഒരു അങ്കണവാടി. വാമനപുരം ഗ്രാമപഞ്ചായത്തിലെ വാഴ്‌വേലിക്കോണം വാർഡിൽ പ്രവർത്തിച്ചുവന്ന നൂറ്റിപ്പതിനൊന്നാം നമ്പർ അങ്കണവാടിയാണ് ഇന്ന് സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്. അങ്കണവാടി കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് കാണിച്ച് വർഷങ്ങൾക്ക് മുൻപ് അങ്കണവാടിയുടെ പ്രവർത്തനം സമീപമുള്ള ഒരു വീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ നാല് കൊല്ലമായി കെട്ടിടത്തിന് കേടുപാടുകൾ തീർക്കാനോ പുതിയ കെട്ടിടം നിർമ്മിക്കാനോ അധികൃതർ ശ്രമം നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന അങ്കണവാടി കെട്ടിടം കാടുകയറിയും സാമൂഹിക വിരുദ്ധരുടെയും, മദ്യപാനികളുടെയും സങ്കേതമാണ്.

എത്രയും വേഗം അങ്കണവാടി പുനർനിർമ്മാണം നടത്തി പ്രവർത്തനം ആരംഭിക്കണമെന്ന് കോൺഗ്രസ് വാമനപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷൈജു വാമനപുരം അറിയിച്ചു.