പാലോട്: അറവ് - ഹോട്ടൽ മാലിന്യം തള്ളൽ പതിവായതോടെ ഫോറസ്റ്റ് റേഞ്ച് ഓഫീസ് ജംഗ്ഷൻ മുതൽ സുമതി വളവു വരെയുള്ള പ്രദേശം ചീഞ്ഞുനാറുന്നു. ഓയിൽ പാം റിസർച്ച് സെന്ററും മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനുത്പാദിപ്പിക്കുന്ന കേന്ദ്രവുമുള്ള പ്രദേശത്തിനാണ് ഈ ദുർഗതി. പാണ്ഡ്യൻപാറ മുതലുള്ള ജനവാസ മേഖലയിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്.
യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.
മാലിന്യം തിന്നാൻ ഇവിടെയെത്തുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങൾ യാത്രക്കാരെ അക്രമിക്കുന്നതും പതിവാണ്. ഇതുകാരണം ഇരുചക്രവാഹന യാത്രക്കാരടക്കം ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. ഇത്തരത്തിൽ കാട്ടുപന്നിയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയിലുണ്ട്.
പ്രദേശത്ത് ബീറ്റ് ഡ്യൂട്ടി ചെയ്യണമെന്ന മേലധികാരികളുടെ മുന്നറിയിപ്പ് വനപാലകർ പാടേ അവഗണിക്കുകയാണെന്നും പരാതിയുണ്ട്. ഇതും മാലിന്യം തള്ളലിന്റെ ആക്കം കൂട്ടുകയാണ്. പ്രദേശങ്ങളിലെ വഴി വിളക്കുകൾ കത്താത്തതും സാമൂഹ്യ വിരുദ്ധർക്ക് സഹായകുന്നു. ഇവിടെ രാത്രി കാല പട്രോളിംഗ് ശക്തമാക്കിയും വഴി വിളക്കുകൾ അടിയന്തരമായി നന്നാക്കിയും പ്രദേശവാസികളെ സാംക്രമിക രോഗങ്ങളിൽ നിന്ന് രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒപ്പം അനധികൃത മത്സ്യ മാംസ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.