chennithala

തിരുവനന്തപുരം: അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

അവിടത്തെ കാമറകൾ ഇടിവെട്ടിപ്പോയതല്ല, തെളിവുകളില്ലാതാക്കാൻ നശിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച സ്പീക്ക് അപ് കേരള സത്യാഗ്രഹത്തിന്റെ നാലാംഘട്ടം സെക്രട്ടേറിയറ്ര് നടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളെ അഴിമതിക്കുള്ള മാർഗ്ഗമായി സർക്കാർ മാറ്റിത്തീർത്തു. വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായം ചെയ്യാൻ യു.എ.ഇ കോൺസുലേറ്റ് തിരുമാനിച്ചപ്പോൾ അതിലും വൻതുക കമ്മിഷനായി അടിച്ചുമാറ്റി.

അടിസ്ഥാനമില്ലാതെ പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു. തുരങ്കപ്പാത പോലുള്ള പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുന്നത് പരിസ്ഥിതി ആഘാത പഠനമോ വിശദ പദ്ധതിരേഖയോ ഇല്ലാതെയാണ്.

കൊവിഡ് ബാധിതരെ പരിചരിക്കാൻ പോലും ആളില്ലാതായി. സർക്കാരാശുപത്രികളിലെത്തിക്കുന്നവരെ പുഴുവരിക്കുന്നു. സർക്കാർ പോകുമെന്നായപ്പോൾ അവസാനത്തെ കടുംവെട്ട് നടത്തുകയാണ്. ജനവിരുദ്ധ സർക്കാരിനെതിരായ അന്തിമപോരാട്ടത്തിനാണ് യു.ഡി.എഫ് തയ്യാറെടുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദിയുടെ കാർബൺ പതിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഏകാധിപതിയുടെ മനസാണ് മുഖ്യമന്ത്രിക്ക്. നുണകളാവർത്തിച്ച് സത്യമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും സ്വപ്നയുടെ മൊഴി ഇവർ തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതാണ്.

യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, സി.എം.പി നേതാവ് സി.പി. ജോൺ, വി.എസ്. ശിവകുമാർ, ഷാഫി പറമ്പിൽ എന്നിവർ പങ്കെടുത്തു.