കൊച്ചി:പി.ടി തോമസ് എം.എൽ.എ ഉൾപ്പെട്ട ഇടപ്പള്ളി ഭൂമിയിടപാടിൽ സി.പി.എമ്മും കോൺഗ്രസും ഒത്തു കളിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
അഴിമതിയും കള്ളപ്പണവിനിമയവുമാണ് നടന്നത്. ഭൂമിയിടപാടിൽ സി.പി.എമ്മിന്റെ പങ്ക് അന്വേഷിക്കണമെന്നും ഇടപ്പള്ളി കുടുംബത്തിന് പട്ടയം നൽകണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, സെക്രട്ടറി സി.വി സജനി എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പി.ടി തോമസ് എം.എൽ.എ രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര മണ്ഡലത്തിലെ 144 കേന്ദ്രങ്ങളിൽ ഇന്ന് പന്തം കൊളുത്തി ബി.ജെ.പി പ്രതിഷേധിക്കും. ഭൂമാഫിയകൾക്കും കള്ളപ്പണക്കാർക്കും ഒത്താശ ചെയ്യുന്ന രീതിയിലേക്ക് എം.എൽ.എ തരംതാണതിന്റെ ഉദാഹരണമാണ് ഇടപ്പള്ളി ഭൂമിയിടപാട്. 50 വർഷമായി കുടികിടക്കുന്ന ഇടപ്പള്ളി കുടുംബത്തിന് ഒരു കോടി അൻപതു ലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും 40 ലക്ഷം മാത്രമാണ് കൊടുത്തത്.
തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എ.ആർ രാജേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.