തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രം ബാക്കി നിൽക്കേ ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത് 2391 സീറ്റുകൾ. സയൻസിൽ -1370, കൊമേഴ്സിൽ - 580, ഹ്യുമാനിറ്റീസിൽ - 441 എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം. സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിക്കുന്നവർക്കാണ് സീറ്റുകൾ മാറ്റിവച്ചിരിക്കുന്നത്. ജില്ലയിൽ ആകെയുള്ള 34,025 പ്ലസ് വൺ സീറ്റുകളിൽ 31,634 സീറ്റുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടി. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർ, തെറ്റുവന്നതുകാരണം അലോട്ട്മെന്റിൽ ഉൾപ്പെടാത്തവർ, അപേക്ഷിക്കാൻ കഴിയാത്തവർ, സേ പരീക്ഷ പാസായവർ എന്നിവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് പ്രയോജനപ്പെടുത്താം.10 മുതലാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. നാളെ വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം. എന്നാൽ മുഖ്യ അലോട്ട്മെന്റിന് ശേഷം സ്‌കൂൾ, വിഷയമാറ്റം അനുവദിക്കാതിരുന്നത് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഇത്തവണ സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം മാത്രമാണ് ഈ അവസരം ലഭിക്കുക. സപ്ലിമെന്ററി അലോട്ട്മെന്റ് ഘട്ടത്തിൽ തന്നെ ഒഴിഞ്ഞുകിടക്കുന്നതിൽ ഭൂരിഭാഗം സീറ്റുകളും നികത്തപ്പെടുന്നതിനാൽ എത്ര പേർക്ക് ഇഷ്ട വിഷയവും സ്‌കൂളും ലഭിക്കുമെന്ന് വ്യക്തമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് ലഭിച്ചിട്ടും ആഗ്രഹിച്ച സ്‌കൂളുകളിൽ പ്രവേശനം ലഭിച്ചിട്ടില്ല. അപേക്ഷയിൽ അവസാന ഓപ്ഷനുകളായി നൽകിയ സ്‌കൂളുകളിലോ വിഷയങ്ങളിലോ പ്രവേശനം ലഭിച്ചവർക്കുള്ള അവസാന അവസരമായിരുന്നു സ്‌കൂൾ / വിഷയമാറ്റം. ഈ വഴി അടഞ്ഞതോടെ കിട്ടിയതുകൊണ്ട് തൃപ്‌തിപ്പെടേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ.