muthalappozhi-

ചിറയിൻകീഴ്: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കുന്നതോടെ വീണ്ടും പ്രതീക്ഷയോടെ മുതലപ്പൊഴി. ജില്ലയിലെ ടൂറിസം വികസന രംഗത്തെ പുത്തൻ പ്രതീക്ഷയായ മുതലപ്പൊഴി വികസനത്തിന്റെ കാര്യത്തിൽ മാറ്റത്തിന് കാതോർക്കുകയാണ്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇവിടം കൊവിഡ് നിയന്ത്രണത്തെ തുടർന്നാണ് വിജനമായത്. പാലവും പെരുമാതുറ - താഴംപള്ളി ബീച്ചുകളും ഹാർബറുമെല്ലാം സഞ്ചാരികൾക്ക് പ്രകൃതി ഭംഗിയുടെ പുത്തൻ കാഴ്ചകളാണ് സമ്മാനിക്കുന്നത്.

പെരുമാതുറയെയും താഴംപള്ളിയെയും ബന്ധിപ്പിച്ച് പാലം യാഥാർത്ഥമായതോടെയാണ് മുതലപ്പൊഴിയുടെ തലവര മാറിയത്. പിന്നീട് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ടകേന്ദ്രമായി മുതലപ്പൊഴി മാറുകയായിരുന്നു. തിരക്ക് വർദ്ധിക്കുമ്പോഴും മുതലപ്പൊഴിയുടെ പ്രധാനപ്രശ്‌നം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ്. ടോയ്ലെറ്റ് അടക്കമുളളവ തൊട്ട് അപര്യാപ്‌തതകളുടെ നീണ്ട നിര തന്നെ ഇവിടെയുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനായി പാറ കൊണ്ടുപോകാൻ വാർഫ് നിർമ്മിക്കാൻ ടൂറിസത്തിനായി കണ്ടെത്തിയ സ്ഥലം സർക്കാർ അദാനി ഗ്രൂപ്പിന് വിട്ടു നൽകിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ബന്ധപ്പെട്ട അധികൃതരും പ്രദേശവാസികളുമായി നടത്തിയ ചർച്ചയിൽ വാർഫ് നിർമ്മാണത്തോടൊപ്പം മുതലപ്പൊഴി ടൂറിസം പദ്ധതിയും ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. പദ്ധതി പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാഴ്ചയുടെ വിരുന്നൊരുക്കുന്ന തീരം

------------------------------------------------------

കാഴ്ചയുടെ പുത്തൻ വിരുന്നൊരുക്കിയ തീരമാണ് മുതലപ്പൊഴി. വാമനപുരം നദി കായലുമായി ചേർന്ന് അറബിക്കടലിൽ ചേരുന്ന സംഗമസ്ഥലമാണിവിടം. അടിസ്ഥാന സൗകര്യങ്ങൾക്കായി വിനോദസഞ്ചാര വകുപ്പ് 2019 ൽ മൂന്ന് കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി. ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട ടൂറിസം പ്രവർത്തനങ്ങൾ ഇഴയുന്നതായാണ് പരാതി. തീരത്തോട് ചേർന്ന് ലൈഫ് ഗാർഡ് റൂം, ഇ ടോയ്ലെറ്റുകൾ, പവലിയൻ, ലാൻഡ് സ്കേപ്പിംഗ്, നടപ്പാതകൾ, സ്നേക്ക് ബാർ, ടിക്കറ്റ് കൗണ്ടർ, സഞ്ചാരികളുടെ ക്ലോക്ക് റൂം എന്നിവയാണ് പദ്ധതിയിലുള്ളത്.

ഹാർബറിൽ അപകട ഭീഷണി

----------------------------------------

അടുത്തിടെ ഉദ്‌ഘാടനം നടത്തിയ മുതലപ്പൊഴി ഹാർബർ വഴി കടലിലേക്ക് പോകാനോ തിരികെ വരാനോ പറ്റാത്തവിധം അപകട ഭീഷണിയാണുള്ളതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടൽ ക്ഷോഭിച്ചു നിൽക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ യാത്രയിലെ പ്രധാന കടമ്പ തിരക്കുഴിയാണ്. തീരത്തുനിന്നും 50-60 മീറ്റർ അകലെയായി തിര രൂപപ്പെട്ടുവരുന്ന മേഖലയാണ് തിരക്കുഴി. ഒരേസമയം നിരവധി തിരകൾ ഒന്നിനുപിറകെ ഒന്നായി അടിച്ചുയരുമ്പോൾ വള്ളത്തെ നിയന്ത്രിച്ചുനിറുത്താൻ മത്സ്യത്തൊഴിലാളികൾക്ക് സാധിക്കില്ല.

''

സമയബന്ധിതമായി മുതലപ്പൊഴി ടൂറിസം പദ്ധതി നടപ്പിലാക്കും.

പദ്ധതി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും

വി. ശശി (ഡെപ്യൂട്ടി സ്‌പീക്കർ)

 പദ്ധതിക്കായി അനുവദിച്ചത് - 3 കോടി  പദ്ധതി പ്രഖ്യാപനം 2019ൽ