
മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിനെ തരിശ് രഹിത ഹരിതഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിൽ സുഭിക്ഷകേരളം പദ്ധതി നടപ്പിലാക്കുന്നു. പരമാവധി തരിശ് ഭൂമി കൃഷിയോഗ്യമാക്കുകയും തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തി മാതൃക സൃഷ്ടിക്കുകയും വേണമെന്ന് പദ്ധതി ലക്ഷ്യമിടുന്നു. വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും മണ്ണും ജലവും സംരക്ഷിക്കപ്പെടുന്നതിനും മണ്ണിന്റെ ജൈവാംശവും ഫലഭൂയിഷ്ഠതയും നിലനിറുത്തുന്നതിനോടൊപ്പം കൃഷിയുടെ സ്വയം പര്യാപ്തത കൂടി ലക്ഷ്യംവയ്ക്കുന്നതായി കൃഷി ഓഫീസർ ജി. അഭിത പറഞ്ഞു.
കൃഷിക്ക് അനുയോജ്യമായ 75 ഹെക്ടർ പാടത്ത് കൃഷി നടത്തി വരുന്ന ഹരിതാഭമായ പഞ്ചായത്താണ് കിഴുവിലം. 540 ഹെക്ടറിൽ കേരകൃഷിയും 15 ഹെക്ടറിൽ പച്ചക്കറിയും 10 ഹെക്ടറിൽ സുഗന്ധ വിളകളും 30 ഹെക്ടർ വാഴകൃഷി, 40 ഹെക്ടർ കിഴങ്ങ് വർഗ കൃഷിയും ചെയ്തു വരുന്നുണ്ട്. എങ്കിലും തരിശിടങ്ങൾ ഏറെയുണ്ട്. നിലവിൽ ഒരു കർമ്മസേന രൂപീകരിച്ച് തരിശ്ശിടങ്ങൾ കൃഷിയോഗ്യമാക്കാൻ ശ്രമങ്ങൾ നടന്നുവരുന്നു. ഇതിനായി കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സഹകരണം ലഭിക്കേണ്ടതുണ്ട്.