ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത കൊവിഡ് രോഗിയെ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ഇടപെട്ട് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. പരവൂരിൽ നിന്ന് ചെമ്പകമംഗലത്തേക്ക് യാത്ര ചെയ്തിരുന്ന 73 കാരനെയാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ അടിയന്തര ഇടപെടലിനെത്തുടർന്ന് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കൊല്ലം പരവൂരിലെ മകളുടെ വീട്ടിലായിരുന്ന ചെമ്പകമംഗലം സ്വദേശി മറ്റ് ചികിത്സകളുടെ ഭാഗമായി പരവൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിയിരുന്നു. ഇവിടെ കൊവിഡ് പരിശോധനയ്ക്ക് സ്രവം ശേഖരിച്ചെങ്കിലും ഫലം വരാൻ കാത്തു നിൽക്കാതെ ഇയാൾ വീട്ടിലേക്ക് മടങ്ങാൻ ചാത്തന്നൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച ബസിൽ കയറുകയായിരുന്നു. യാത്രാമദ്ധ്യേ ആറ്റിങ്ങലിൽ എത്തിയപ്പോൾ ആശുപത്രിയിൽ നിന്ന് കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് ഫോണിൽ അറിയിച്ചു. തൊട്ടടുത്ത സീറ്റിലെ യാത്രക്കാരൻ ഫോൺ സന്ദേശം കേട്ട് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപിനെ വിവരം അറിയിച്ചു. ചെയർമാന്റെ നിർദ്ദേശപ്രകാരം നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സിദ്ദീഖ്, എ.അഭിനന്ദ് എന്നിവർ ആറ്റിങ്ങൽ ഡിപ്പോയിലെത്തി ബസിൽ നിന്ന് രോഗിയെ വലിയകുന്ന് താലൂക്കാശുപത്രിയിലും അവിടെ നിന്ന് ആംബുലൻസിൽ കടയ്ക്കാവൂർ സി.എഫ്.എൽ.ടി.സി സെന്ററിലേക്കും മാറ്റി. ബസിൽ ഇരുപതോളം പേർ യാത്ര ചെയ്തിരുന്നു. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള കണ്ടക്ടർ ഉൾപ്പടെയുള്ളവരെ ഹോം ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. രോഗി സഞ്ചരിച്ച ബസ് അണുവിമുക്തമാക്കിയ ശേഷം ഡിപ്പോയിൽ പിടിച്ചിട്ടു. യാത്രക്കാർക്ക് മറ്റൊരു ബസ് അനുവദിച്ചു.