കാട്ടാക്കട: കൊവിഡ് രോഗവ്യാപന നിരക്ക് ക്രമാതീതമായി വർദ്ധിക്കുമ്പോൾ സർക്കാരിന്റെ പ്രതിരോധ സംവിധാനം തകിടം മറിയുന്നു. ഫോൺ, എസ്.എം.എസ് പ്രചരണത്തിലൂടെയും ഓഡിയോയിലൂടെയും സാമൂഹ്യ അകലം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവർത്തിച്ച് പ്രചരണം നടത്തുമ്പോഴും സർക്കാരിന്റെ പൊതുഗതാഗത സംവിധാനത്തിൽ യാത്രക്കാരെ നിയന്ത്രിക്കാൻ യാതൊരു നിർദ്ദേശവും നൽകുന്നില്ല. ഗ്രാമീണ മേഖലകളിൽ സർവീസ് നടത്തുന്ന ബസുകളിൽ യാത്രാക്കാർ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. പല കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ജീവനക്കാർക്ക് വേണ്ടത്ര സുരക്ഷാ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. ബസുകളിൽ യാത്രക്കാരെ നിറുത്തി യാത്രചെയ്യരുതെന്ന് നിയമ നിർദ്ദേശമുണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടുന്നില്ല. അവധി ദിവസങ്ങളിൽ അധികൃതർ സർവീസുകൾ വെട്ടിക്കുറക്കുന്നത് തിരക്ക് കൂടാൻ കാരണമാകുന്നുണ്ട്. ബസ് സ്റ്റാന്റിൽ നിന്നും നിറയെ യാത്രക്കാരുമായി തിരിക്കുന്ന ബസുകളിൽ മറ്റ് സ്റ്റോപ്പുകളിൽ നിൽക്കുന്നവരെ കയറ്റാനും കഴിയില്ല. ജോലി കഴിഞ്ഞ് മടങ്ങുന്നവെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.