
മുടപുരം :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദ്ദേശമായ കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവീസ് മംഗലപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം മൈലിൽ നിന്നു തുടങ്ങി. വേങ്ങോട് പ്രദേശത്തെ ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് കണിയാപുരം ഡിപ്പോയിൽ നിന്നാണ് ഇന്നലെ ബസ് തുടങ്ങിയത്. ഈ മേഖലയിലുള്ള സർക്കാർ ജീവനക്കാർക്കും സ്വകാര്യ സ്ഥാപന ജീവനക്കാർക്കും തിരുവനതപുരം കിഴക്കേകോട്ടയിൽ എത്തിച്ചേരുന്ന വിധമാണ് സർവീസ്. വേങ്ങോട്, പോത്തൻകോട്, ചെമ്പഴന്തി, മെഡിക്കൽ കോളേജ്,പട്ടം,കിഴക്കേകോട്ട റൂട്ടാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പതിനാറാം മൈലിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ടിക്കറ്റ് റാക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. വികസന ചെയർമാൻ മംഗലപുരം ഷാഫി, കണിയാപുരം ഡിപ്പോ കൺട്രോളിംഗ് ഓഫീസർ കെ.വി.ജയപ്രകാശ്,കെ.എസ്.ആർ.ടി.സി എംപ്ലോയിസ് അസോസിയേഷൻ കണിയാപുരം യൂണിറ്റ് സെക്രട്ടറി പി.സജീവ്,ആർ.ജയൻ,ഇ.എം.ഷംനാദ് , എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.