കിളിമാനൂർ: സംസ്ഥാനത്താകെ അങ്കണവാടികൾ നാല്പത്തിയഞ്ചാം വാർഷികം ആഷോഷിക്കുമ്പോൾ കരുതലോടെ മാതൃകാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് അങ്കണവാടി ജീവനക്കാർ. കൂട്ടുകാരില്ലാതെ, കളി ചിരിയും കുസൃതികളും ഇല്ലാതെ ഇരിക്കുന്ന കുരുന്നുകളെ ഓൺലൈൻ വഴി ഉഷാറാക്കാൻ വിവിധ പദ്ധതികളുമായി അങ്കണവാടി പ്രവർത്തകർ രംഗത്ത്. കേരളത്തിലെ അങ്കണവാടികൾക്ക് 45 വയസ് തികയുന്നതിന്റെ ആഘോഷം കൂടിയാണ് പുതിയ പ്രവർത്തികളിലൂടെ നടത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിലും അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ വിതരണം കൃത്യമായി ജില്ലയിൽ നടക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ അതാത് സെക്ടറിലെ വർക്കർമാരും ഹെൽപ്പർമാരും നേരിട്ട് ആയിരുന്നു ഭക്ഷണ വിതരണം നടത്തിയത്. താത്പര്യമുള്ള രക്ഷിതാക്കൾക്ക് അങ്കണവാടിയിൽ നേരിട്ടെത്തി ഭക്ഷണ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
ലോക്ക് ഡൗണിനു ശേഷം തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരുന്നു പ്രവർത്തനം. പിന്നീടത് മൂന്നു ദിവസമാക്കി. കുട്ടികൾ വരുന്നില്ലെങ്കിലും 45 വർഷ ആഘോഷ തോടനുബന്ധിച്ച് ഈ മാസം മുതൽ എല്ലാ ദിവസവും അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ട്.