
തിരുവനന്തപുരം: കള്ളക്കടത്തുകാർക്ക് അഴിമതിപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്താനും, അവിടത്തെ ബാങ്കുകളിൽ നിക്ഷേപിച്ച പണം സ്വർണക്കടത്തിന് ഉപയോഗിക്കാനും മുഖ്യമന്ത്രി സഹായിച്ചെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രളയത്തെ പോലും അഴിമതിക്കുള്ള ഉപാധിയാക്കി സർക്കാർ മാറ്റി. സ്വർണക്കടത്ത്, ലൈഫ് മിഷനിലെ കമ്മിഷൻ, പ്രളയത്തിന്റെ പേരിൽ വന്ന പണം എന്നിവയെല്ലാം ഡോളറാക്കി മാറ്റിയിട്ടുണ്ട്. ഇതിനായി ചില യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻമാരുടെ സഹായവും ലഭിച്ചിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിന്റെയും സംസ്ഥാന സർക്കാരിന്റെയും കോൺടാക്ട് പോയിന്റായി ശിവശങ്കരനെ നിർദ്ദേശിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് 2017 മുതൽ സ്വപ്നയുമായി ബന്ധമുണ്ടെന്നും ഓഫീസിലും ഔദ്യോഗിക വസതിയിലും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇപ്പോൾ എല്ലാവർക്കും മനസിലായി.
സ്വർണക്കടത്തുകാർക്കായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. ശബരിമലയിൽ നെയ്യഭിഷേകം അനുവദിക്കില്ലെന്ന് പറയാൻ മന്ത്രി കടകംപള്ളി ശബരിമല തന്ത്രിയാണോ എന്ന് സുരേന്ദ്രൻ ചോദിച്ചു. ആചാരങ്ങൾ ലംഘിക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ ബി.ജെ.പി ശക്തമായി പ്രതികരിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.