kerala-chicken

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്രാൻഡ് ചിക്കൻ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കെ.ബി.എഫ്.പി.സി.എൽ കമ്പനിയുടെ സ്റ്റാളുകളിലൂടെ വിപണിയിലെത്തുന്നു. സർക്കാരിന്റെ നൂറുദിന വികസനപദ്ധതിയുടെ ഭാഗമായാണ് കേരള ചിക്കൻ തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി എറണാകുളത്ത് 12 സ്റ്റാൾ തുറന്നു. എട്ടെണ്ണം ഉടൻ തുടങ്ങും. കോട്ടയത്ത് ഇരുപതും തൃശൂരിൽ പത്തും തുടങ്ങും. കോഴിക്കോട്, വയനാട് ജില്ലകളിലും ഇൗ വർഷം കേരളചിക്കൻ സ്റ്റാളുകളെത്തും.

തമിഴ്നാട് ലോബിയാണ് കേരളത്തിലെ ചിക്കൻ വിപണി നിയന്ത്രിക്കുന്നത്. ജി.എസ്.ടി ഇല്ലാതായതോടെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൻതോതിലാണ് ചിക്കനെത്തുന്നത്. ഇതോടെ സംസ്ഥാനത്തെ കോഴി കർഷകർ പ്രതിസന്ധിയിലുമായി. ഇത് മറികടക്കാനാണ് ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നിർദ്ദേശത്തിൽ കേരളബ്രാൻഡ് ചിക്കൻ പദ്ധതി തുടങ്ങിയത്. എറണാകുളം, തൃശൂർ, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട് പൗൾട്രിഫാമുകളുണ്ട്. അവിടെ നിന്നാണ് സ്റ്റാളുകളിലേക്ക് ചിക്കനെത്തുന്നത്.

ചിക്കൻ കണക്ക് ഇങ്ങനെ

 കേരളത്തിലെ ചിക്കൻ പ്രതിവർഷ വിപണി മൂല്യം- 8000 കോടി

 തമിഴ്നാട്ടിൽ നിന്നുള്ളത്- 6200 കോടി

 കർണാടകത്തിൽ നിന്ന്- 1000 കോടി

 കേരളത്തിൽ- 722കോടി

 പദ്ധതിക്ക് തുടക്കമായിട്ട് രണ്ടുവർഷം

2018ലെ പ്രളയത്തിന് ശേഷം കേരളത്തിൽ ചിക്കന് വില കുതിച്ചുയർന്നപ്പോഴാണ് കേരള ചിക്കൻ എന്ന ആശയം മന്ത്രി ടി.എം. തോമസ് ഐസക് മുന്നോട്ട് വച്ചത്. കെപ്കോയും മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യയും താത്പര്യം പ്രകടിപ്പിച്ചതോടെ പദ്ധതി നടപ്പായി. ആയിരം കോഴികളെ വളർത്താൻ കഴിയുന്ന 5000 കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. ഇതിനായി കുടുംബശ്രീയുമായി ചേർന്ന് കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനവും തുടങ്ങി. കർഷകർക്ക് ഇൗടില്ലാതെ പത്തുലക്ഷം രൂപവരെ ബാങ്ക് ഒഫ് ഇന്ത്യ വായ്പ നൽകും. ഒന്നരലക്ഷം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാനും ധാരണയായി. 40 രൂപയ്‌ക്ക് കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് നൽകിയ ശേഷം വളരുമ്പോൾ 85 രൂപയ്ക്ക് തിരിച്ചെടുക്കുന്ന പദ്ധതിക്കും കെപ്കോ തുടക്കമിട്ടു. എന്നിട്ടും രണ്ടുവർഷത്തിനിടെ ഒരു ഒൗട്ട്‌ലെറ്റുപോലും തുറക്കാനായില്ല. സാമ്പത്തികപ്രശ്നങ്ങൾ മൂലം പൗൾട്രിഫാമുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതിരുന്നതാണ് പ്രശ്നമായത്.