
തിരുവനന്തപുരം: 'മായേനി മേരിയേ...' ഒരിക്കൽ കൂടി ദേവിക പാടി. ആലാപന മധുരത്തിൽ ലയിച്ചിരുന്ന ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ കുറച്ചുകഴിഞ്ഞപ്പോൾ താളം പിടിക്കാൻ തുടങ്ങി. അവസാനത്തെ വരിയും പാടി തീർന്നപ്പോൾ അദ്ദേഹവും പത്നി രേഷ്മാ ആരിഫും എണീറ്റ് കൈയടിച്ചു. അനുമോദിക്കാനായി മുന്നോട്ടുവന്നു. അപ്പോഴേക്കും അനുഗ്രഹം തേടി ദേവിക പാദം തൊട്ടു തൊഴുതു. ദേവികയെ പിടിച്ചെഴുന്നേൽപ്പിച്ച് ചേർത്തുനിറുത്തി വാത്സല്യത്തോടെ ശിരസിൽ കൈവച്ചു പറഞ്ഞു ''മികച്ച ഗായികയാകണം, കൂടുതൽ പാട്ടുകൾ പാടണം.''
''നല്ല സ്വരമാണ് മോളുടേത്...''- രേഷ്മാ ആരിഫിന്റെ അഭിനന്ദനം.
ഹിമാചൽ പ്രദേശിന്റെ നാടൻ പാട്ട് പാടി ആ ദേശത്തിന്റെയും ഹിന്ദിഭൂമിയുടെയാകെയും ഹൃദയം കവർന്ന പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ളാസുകാരി ദേവിക ഗവർണറുടെ ക്ഷണം അനുസരിച്ചാണ് ഇന്നലെ രാജ്ഭവനിലെത്തിയത്. രാജ്‌ഭവന്റെ സ്വീകരണ മുറിയിൽ കാത്തുനിൽക്കുകയായിരുന്ന ഗവർണർ ഡോ.ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മാ ആരിഫും ദേവികയെയും ഒപ്പം വന്ന അമ്മ സംഗീത, കുഞ്ഞമ്മ സരിത എന്നിവരെയും സ്വീകരിച്ചിരുത്തി. രാജ്‌ഭവന്റെ വിശാലമായ സ്വീകരണ മുറിയിൽ എത്തിയതിന്റെ അമ്പരപ്പായിരുന്നു മൂവർക്കും. സംസാരത്തിനിടയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണ് ആ ഹിമാചൽ നാടോടി ഗാനമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അത് നേരിട്ടുകേട്ടാൽ കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് ദേവിക പാടിയത്.
ഇനിയും ക്ഷണിക്കുമെന്നും അപ്പോൾ ഒരുപാട് ഗാനങ്ങൾ പാടിത്തരണമെന്നും ഗവർണർ പറഞ്ഞു. നന്നായി പഠിക്കണമെന്നും അക്കാര്യത്തിൽ ഉഴപ്പരുതെന്നും രേഷ്മാ ആരിഫ് ഓർമ്മിപ്പിച്ചു. ഇരുവരും ദേവികയ്ക്ക് സമ്മാനങ്ങൾ നൽകി. രാജ്ഭവനിൽ വച്ച് ദേവികയെ കണ്ട പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയും അഭിനന്ദിച്ചു.
ദേവികയുടെ ഹിമാചൽ ഗാനം ദേവഭൂമി ഏറ്റെടുത്തുവെന്ന 'കേരളകൗമുദി' വാർത്തയും യൂട്യൂബിൽ വന്ന വീഡിയോകളും കണ്ടാണ് ദേവികയെ ഗവർണർ രാജ്‌ഭവനിലേക്ക് ക്ഷണിച്ചത്.