
തിരുവനന്തപുരം: ലോക കേരള സഭയുടെ സ്‌പെഷ്യൽ ഓഫീസറായി സെക്രട്ടേറിയറ്റിൽ നിന്ന് വിരമിച്ച അഡീഷണൽ സെക്രട്ടറിയും, സി.പി.എം സർവീസ് സംഘടനാ നേതാവുമായ ജി.ആഞ്ചലോസിനെ നിയമിച്ചു. ഒരു വർഷത്തേയ്ക്കാണ് നിയമനം.
കരാർ നിയമനമായതിനാൽ നിലവിലെ പെൻഷനും അർഹതയുണ്ട്. വേതനം സംബന്ധിച്ച് ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.ഒരു മാസം മുമ്പ് സർക്കാർ ഇറക്കിയ ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് പുതിയ കരാർ നിയമനമെന്ന ആക്ഷേപമുണ്ട്. ഈ വർഷത്തെ ബഡ്ജറ്റിൽ 10 കോടിയാണ് ലോക കേരള സഭയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ഈ പണം ചെലവഴിക്കുന്നതിനാണ് സ്‌പെഷ്യൽ ഓഫീസർ നിയമനമെന്നാണ് വിലയിരുത്തൽ. ലോക കേരള സഭ ധൂർത്താണെന്നാരോപിച്ച് പ്രതിപക്ഷം ഈ വർഷത്തെ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.