sudhakaran

കാസർകോട്: ബേക്കൽ രാമഗുരു നഗർ തമ്പുരാൻ വളപ്പിലെ കാരിക്കാരണവരുടെ മകൻ സുധാകരന്റെ (32) മരണം വളരെ ഉയരത്തിൽ നിന്നു വീണപ്പോൾ സംഭവിച്ച പരിക്കുകൾ കാരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരിയാരം ഗവ. മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങളിലാണ് ഈ നിഗമനമുള്ളത്.

സുധാകരന്റെ 10 ഓളം വാരിയെല്ലുകളും തുടയെല്ലും പൊട്ടിയതായി കണ്ടെത്തി. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഒരു ഭാഗത്തേക്ക് ചെരിഞ്ഞു വീണാൽ ഇങ്ങനെ സംഭവിക്കുമെന്നാണ് പറയുന്നത്. ഉരഞ്ഞ പാടുകളും വീഴ്ചയിൽ സംഭവിച്ചതാകാമെന്നും വിലയിരുത്തുന്നു. ഒരു ദിവസം കുറ്റിക്കാട്ടിൽ കിടന്നതിനാൽ ഉറുമ്പരിച്ച പാടുകളും ശരീരത്തിൽ കാണാനുണ്ട്.

അതേസമയം ബേക്കൽ സ്വദേശിയായ സുധാകരൻ പൂച്ചക്കാട് പള്ളിക്ക് സമീപത്തെ ബഹുനില കെട്ടിടത്തിൽ എന്തിന് വന്നു എങ്ങിനെയെത്തി എന്നത് അന്വേഷിച്ചുവരുന്നതായി ബേക്കൽ എസ്.ഐ പി. അജിത് കുമാർ പറഞ്ഞു. കെട്ടിടത്തിൽ നിന്ന് സ്വയം ചാടിയതാണോ ആരെങ്കിലും പിടിച്ചു കൊണ്ടുപോയി തള്ളിയിട്ടതാണോ ഇയാളുടെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിൽ എത്തിച്ച മൃതദേഹം സംസ്‌കരിച്ചു. ഒക്ടോബർ എട്ടിന് രാത്രി പൂച്ചക്കാട്ട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഓഡിറ്റോറിയത്തിന് പിന്നിലെ കുറ്റിക്കാട്ടിലാണ് സുധാകരന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് മുമ്പെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ കൊവിഡ് സ്ഥീരികരിച്ചിരുന്നു.