
തിരുവനന്തപുരം: പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി ഘോഷയാത്ര ആചാരങ്ങൾ പാലിച്ചുകൊണ്ടും അനിവര്യമായ കൊവിഡ് നിയന്ത്രണങ്ങളോടെയും നാളെ ആരംഭിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ചുകൂട്ടിയ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ടവരുടെയും യോഗമാണ് നേരത്തെ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ആചാരപൂർവം ഘോഷയാത്ര നടത്താൻ തീരുമാനിച്ചത്. തമിഴ്നാട്ടിലും തിരുവനന്തപുരത്തും ഉണ്ടായ ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് മുൻതീരുമാനം മാറ്റിയത്. കൊവിഡ് പ്രതിസന്ധിയുള്ളതിനാൽ നവരാത്രി വിഗ്രഹങ്ങൾ വാഹനത്തിൽ കൊണ്ടുവരാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഒരു ദിവസംകൊണ്ട് ചടങ്ങ് പൂർത്തിയാക്കാനായിരുന്നു തീരുമാനം.
പുതിയ തീരുമാനപ്രകാരം തേവാരക്കെട്ട് സരസ്വതി വിഗ്രഹത്തെ ആനപ്പുറത്തായിരിക്കില്ല എഴുന്നള്ളിക്കുക. വേളിമല കുമാര സ്വാമിയെ വെള്ളിക്കുതിരപ്പുറത്തും മുന്നൂറ്റി നങ്കയെ പതിവുപല്ലക്കിലും കൊണ്ടുവരില്ല. പകരം നാലുപേർക്ക് എടുക്കാവുന്ന മൂന്ന് ചെറിയ പല്ലക്കുകളിലായിരിക്കും മൂന്നു വിഗ്രഹങ്ങളും ആനയിക്കുക. നാളെയാണ് പദ്മനാഭപുരം കൊട്ടാരത്തിലെ ഉടവാൾ കൈമാറ്റം നടക്കുകയെങ്കിലും മൂന്നൂറ്റി നങ്കയുമായുള്ള എഴുന്നള്ളിപ്പ് ഇന്ന് വൈകിട്ട് ശുചീന്ദ്രത്ത് നിന്നാരംഭിക്കും.
നാളെ പദ്മനാഭപുരം ഉപ്പരിക്ക മാളികയിലാണ് ആചാര പ്രകാരം ഉടവാൾ കൈമാറ്റം നടക്കുക. തുടർന്ന് കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ ഇറക്കി പൂജ നടക്കും. രാവിലെ കളിയിക്കാവിളയിലെത്തും. വൈകിട്ട് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇറക്കി പൂജ നടത്തും. 16 ന് വൈകിട്ടോടെ നഗരത്തിലെത്തും. മുൻകാലങ്ങളിൽ ആറ് മണിക്കുശേഷമാണ് നവരാത്രി വിഗ്രഹങ്ങൾ കോട്ടയ്ക്കകത്ത് എത്താറെങ്കിൽ ഇത്തവണ വൈകിട്ട് 3 ന് കരമനയിലും നാലിന് കോട്ടയ്ക്കകത്തും എത്തും. മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലേക്കും കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലേക്കും ആനയിക്കും. സരസ്വതി ദേവിയെ പദ്മതീർത്ഥത്തിൽ ആറാടിച്ചശേഷം കോട്ടയ്ക്കകത്തെ നവരാത്രി മണ്ഡപത്തിൽ പൂജയ്ക്കിരുത്തും. ഉടവാളും പൂജയ്ക്കു വയ്ക്കും.26 ന് വിജയദശമി കഴിഞ്ഞ് 28ന് പദ്മനാഭ പുരത്തേക്ക് തിരിച്ചെഴുന്നള്ളിക്കും. ആചാരപരമായി പൊലീസിന്റെ ഗാർഡ് ഒാഫ് ഓണർ ഉണ്ടാകും. അതേസമയം പല്ലക്കേന്തുന്നവർ കൊവിഡ് ടെസ്റ്റ് എടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ആചാരങ്ങൾ വെട്ടിച്ചുരുക്കാനുള്ള സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഹിന്ദുസംഘടനാ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലും മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിക്കു മുന്നിലും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിക്കു മുന്നിലും പ്രതിഷേധ ധർണ നടത്തിയിരുന്നു. ഒ.രാജഗോപാൽ എം.എൽ.എയും പങ്കെടുത്തിരുന്നു.