
വർക്കല: കാഴ്ചകളുടെ വൈവിദ്ധ്യമൊരുക്കി ജലകൃഷി വികസന ഏജൻസിയുടെ വർക്കല അക്വേറിയം അഞ്ചാംവർഷത്തേക്ക്. മത്സ്യ ലോകത്തിന്റെ വൈവിദ്ധ്യമാർന്ന കാഴ്ചകളുമായാണ് വർക്കല തിരുവമ്പാടി ബീച്ചിന് സമീപം അക്വേറിയം സ്ഥിതി ചെയ്യുന്നത്.
ശുദ്ധജല - സമുദ്രജല അലങ്കാരമത്സ്യങ്ങളുടെയും കടലിലും ശുദ്ധജലത്തിലും വസിക്കുന്ന അപൂർവ മത്സ്യങ്ങളുടെയും ജീവികളുടെയും കാഴ്ചകൾ ഈ ആധുനിക അക്വേറിയത്തിൽ ആസ്വദിക്കാനാകും.
വിനോദസഞ്ചാരികൾക്കും പഠന ഗവേഷണ വിദ്യാർത്ഥികൾക്കും, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും തീര സൗന്ദര്യത്തിനൊപ്പം മത്സ്യ ലോകത്തിന്റെ പുതിയ കാഴ്ചകൾ അക്വേറിയം സമ്മാനിക്കും.
5 ഏക്കറിലാണ് ഹാച്ചറിയും അനുബന്ധ അക്വേറിയവും പ്രവർത്തിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്കുള്ള പ്രവേശന അനുമതി ഭാഗികമായി നീക്കിയിട്ടുണ്ടെങ്കിലും ടൂറിസം വകുപ്പിന്റെ കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വർക്കലയിൽ അടുത്തമാസം സന്ദർശകരെ അനുവദിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. നവംബർ മുതൽ ആരംഭിക്കുന്ന സീസണിൽ ഏറെ പ്രതീക്ഷകളോടെ സഞ്ചാരികളെ കാത്തിരിക്കുകയാണ് വർക്കല അക്വേറിയം. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന അക്വേറിയത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനം.