
തിരുവനന്തപുരം: സംസ്ഥാനത്തെ 114 ടൂറിസം കേന്ദ്രങ്ങൾ ഇന്നലെ തുറന്നെങ്കിലും സന്ദർശകരിൽ നിന്ന് ലഭിച്ചത് തണുത്ത പ്രതികരണം. തദ്ദേശീയരായ ചുരുക്കം സഞ്ചാരികൾ മാത്രമാണെത്തിയത്. പ്രവേശനം അനുവദിച്ചുള്ള ഉത്തരവ് ഞായറാഴ്ചയാണിറങ്ങിയത്. അതിനാൽ ഇന്നലെ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താനാണ് ജീവനക്കാർ ശ്രമിച്ചത്.
പരിസരം അണുവിമുക്തമാക്കി, വരും ദിവസങ്ങളിൽ അണുനശീകരണത്തിനുള്ള മുൻകരുതൽ സ്വീകരിച്ചു. മഴയും പ്രവൃത്തി ദിവസവുമായതിനാലാണ് ഇന്നലെ തിരക്ക് ഉണ്ടാകാത്തതെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ സഞ്ചാരികൾ വർദ്ധിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദകേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചത്. ഹൗസ് ബോട്ടുകൾക്കും ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താനും അനുവാദം നൽകിയിരുന്നു.
സഞ്ചാരികളെ ആകർഷിക്കാൻ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കേരളം സജ്ജമാണെന്നുള്ള പ്രചാരണം ടൂറിസം വകുപ്പ് ആരംഭിച്ചുകഴിഞ്ഞു. ഇതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികൾ വരും ദിവസങ്ങളിൽ എത്തുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.