
കാസർകോട്: കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളി തളങ്കരയിലെ ഷംസുദ്ദീനും നീലേശ്വരം പള്ളിക്കരയിൽ പിടിയിൽ.കാറിൽ കഞ്ചാവുമായി ചീമേനിയിൽ നിന്ന് വരികയായിരുന്ന ഇരുവരെയും വെളിച്ചംതോട് വെച്ച് ചീമേനി പൊലീസ് കൈകാണിച്ചപ്പോൾ നിർത്താതെ ഓടിച്ചുപോയി.ചീമേനി പൊലീസ് പിന്തുടരുന്നതിനിടെ വിവരം നൽകിയത് അനുസരിച്ചു നീലേശ്വരം ഇൻസ്‌പെക്ടർ മഹേഷും പൊലീസ് സംഘവും പള്ളിക്കര റെയിൽവെ മേൽപ്പാലത്തിന് സമീപം വാഹനം കുറുകെയിട്ടു തടയുകയായിരുന്നു. നാട്ടുകാരും പൊലീസിനെ സഹായിക്കാൻ രംഗത്തുവന്നു. പൊലീസ് തടഞ്ഞപ്പോൾ കുതറിയോടിയ കാരാട്ട് നൗഷാദിനെ മേൽപ്പാലത്തിന് സമീപത്തെ ഹോട്ടലിന് സമീപം വെച്ച് തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.കാറിൽ നിന്നും 9.800 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇരുവരെയും നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.കാഞ്ഞങ്ങാട് കോഫി ഹൗസിന് സമീപത്തെ ഹെയർ കട്ടിംഗ് സലൂൺ അടിച്ചു തകർത്തതിന് നൗഷാദിനെ ദിവസങ്ങൾക്ക് മുൻപാണ് നാട്ടുകാരുടെ സഹായത്തോടെ ഹൊസ്ദുർഗ് പൊലീസ് കീഴ്‌പ്പെടുത്തി പിടികൂടിയത്.ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് കഞ്ചാവ് കടത്തിന് ഇറങ്ങിയത്.