
തിരുവനന്തപുരം: ആഭ്യന്തര കലഹം ശക്തമായതോടെ, ദേശീയ നേതൃത്വം ഇടപെട്ട് സി.കെ. നാണു എം.എൽ.എ അദ്ധ്യക്ഷനായ ജനതാദൾ-എസ് കേരള ഘടകം പിരിച്ചുവിട്ടു. പകരം, മുൻമന്ത്രി മാത്യു ടി.തോമസ് എം.എൽ.എയെ അദ്ധ്യക്ഷനും മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ ജമീല പ്രകാശം എന്നിവരെ ഉപാദ്ധ്യക്ഷരുമാക്കി അഡ്ഹോക് സമിതി രൂപീകരിച്ചു.
പാർട്ടി അഖിലേന്ത്യാ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ നേരിട്ടുള്ള ഇടപെടലിലാണ് നടപടി. ദേവഗൗഡയുടെ ഉത്തരവിൽ നാണുവിനെതിരായ 'കുറ്റപത്ര'വുമുണ്ട്. മന്ത്രിയായതിനെത്തുടർന്ന് സംസ്ഥാന അദ്ധ്യക്ഷപദവി ഒഴിഞ്ഞ കെ. കൃഷ്ണൻകുട്ടിക്ക് പകരമാണ് കൃഷ്ണൻകുട്ടിയുടെയും പിന്തുണയോടെ അഖിലേന്ത്യാ നേതൃത്വം സി.കെ. നാണുവിനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത്. എന്നാൽ, നാണുവിന്റെ നിലപാടുകൾക്കെതിരെ പാർട്ടിക്കകത്ത് നിന്നു കലാപമുയർന്നു. സംസ്ഥാന യുവജന കമ്മിഷനിലെ പാർട്ടി പ്രതിനിധിയെ നിയമിക്കുന്നതിലും തർക്കമായതോടെ കൃഷ്ണൻകുട്ടിയും നാണുവും പൂർണമായി അകന്നു. കോട്ടയ്ക്കലിൽ ചികിത്സയ്ക്കെത്തിയ ദേവഗൗഡ, ലോക് താന്ത്രിക് ജനതാദളുമായി ലയനചർച്ചയ്ക്ക് പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും അത് പാതിവഴിയിൽ നിലച്ചതിന് പിന്നാലെയാണ് പാർട്ടിക്കകത്ത് ഉൾപ്പോര് കനത്തത്.
തർക്കം രൂക്ഷമായതോടെ സംസ്ഥാനഘടകത്തിൽ നിന്ന് തന്നെ അഖിലേന്ത്യാ നേതൃത്വത്തിന് പരാതികൾ പോയി. പിന്നാലെ പാർട്ടി അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് നടപടികൾ നിർദ്ദേശിച്ച് ദേശീയ വർക്കിംഗ് പ്രസിഡന്റ് ബി.എം. ഫാറൂഖ് കഴിഞ്ഞ മാസം 24ന് സി.കെ. നാണുവിന് നോട്ടീസയച്ചു. സംസ്ഥാനസമിതി വിളിച്ചുചേർക്കാനടക്കം നോട്ടീസിൽ നിർദ്ദേശിച്ചിരുന്നെങ്കിലും അതിന് നാണു മറുപടി പോലും നൽകിയില്ല. പാർട്ടി സംസ്ഥാനഘടകത്തെ ശക്തിപ്പെടുത്താനുള്ള ഒരു നടപടിയും നാണു സ്വീകരിച്ചില്ലെന്ന് മാത്രമല്ല, സംസ്ഥാന നേതൃത്വത്തിൽ രൂപീകരിച്ച നാലംഗ കോർ കമ്മിറ്റിയുമായി പോലും കൂടിയാലോചന നടത്താതെ പാർട്ടിയെ അസ്ഥിരപ്പെടുത്തുന്ന നില സ്വീകരിച്ചെന്നും ദേവഗൗഡ ആരോപിച്ചു. ടെലിഫോണിൽ നിർദ്ദേശിച്ചത് പ്രകാരം മാത്യു ടി. തോമസ് ചുമതലയേറ്റെടുത്തതായും ദേവഗൗഡ അറിയിച്ചു.
മാത്യു ടി.തോമസ് (പ്രസിഡന്റ്), ജോസ് തെറ്റയിൽ, ജമീലാ പ്രകാശം (വൈസ് പ്രസിഡന്റുമാർ), ബെന്നി മുഞ്ഞേലി, അഡ്വ.വി. മുരുഗദാസ്, അഡ്വ. ബെജ്ലി ജോസഫ് (ജനറൽസെക്രട്ടറിമാർ), മുഹമ്മദ് ഷാ (ട്രഷറർ) എന്നിവരാണ് അഡ്ഹോക് സമിതിയിലുള്ളത്.