
തിരുവനന്തപുരം: ജില്ലയിലെ അഞ്ച് ടൂറിസം കേന്ദ്രങ്ങളിൽ ഇന്നലെ മുതൽ പ്രവേശനം അനുവദിച്ചെങ്കിലും തിരക്ക് ഉണ്ടായില്ല. നെയ്യാർ ബോട്ട് ക്ലബ്, വേളി, പൂവാർ, ആക്കുളം ചിൽഡ്രൻസ് പാർക്ക്, കാപ്പിൽ ബോട്ട് ക്ലബ് എന്നിവയാണ് തുറന്നത്. പൊന്മുടി തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും തുറന്നില്ല. വനസംരക്ഷണ സമിതി യോഗം ചേർന്ന് തീരുമാനമെടുത്താൽ മാത്രമേ പൊന്മുടിയിലേക്ക് പ്രവേശനം അനുവദിക്കാനാവൂവെന്നാണ് നിയമം. ആദിവാസികൾ നിരവധി താമസിക്കുന്ന ഈ മേഖലയിൽ ഇതുവരെ കൊവിഡ് രോഗമെത്തിയിട്ടില്ല. സഞ്ചാരികളെ അനുവദിച്ചാൽ രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പൊന്മുടിയിൽ പ്രവേശനം വൈകുന്നത്. പൊന്മുടിയിൽ ദിവസവും നിരവധിപേർ എത്താറുണ്ടെങ്കിലും അവരെ കടത്തിവിടാറില്ലെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രഭാത് പറഞ്ഞു. ജില്ലയിലെ ആക്കുളം, വേളി അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കായി മുന്നൊരുക്കങ്ങളും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ക്രമീകരണങ്ങളും ഒരുക്കിയതായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ബിന്ദുമണി പറഞ്ഞു.