neet

തിരുവനന്തപുരം: നേരത്തേ എഴുതാൻ കഴിയാതിരുന്നവർക്കായി നാളെ വീണ്ടും നടത്തുന്ന നീറ്റ് പരീക്ഷയിൽ കേരളത്തിൽ എഴുതുന്നത് പത്ത് പേർ. ഇതിനായി ആലപ്പുഴ, കോഴിക്കാേട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സെന്ററുകൾ. കൊവിഡ് മൂലം പരീക്ഷ എഴുതാൻ കഴിയാതെ നീറ്റിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാണിവർ. ഓരോ സെന്ററിലും മൂന്നോ നാലോ പേരെ കാണുകയുള്ളൂ. ഹാൾ ടിക്കറ്റുകൾ ഇന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. അതിൽ സെന്റർ എവിടെയെന്നറിയാം.

സെപ്തംബർ 13 ന് നടത്തിയ നീറ്റ് പരീക്ഷ സംസ്ഥാനത്ത് 12 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തോളം പേരാണ് എഴുതിയത്.എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം പ്രധാന മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ്. ഒരു ചോദ്യത്തിന് നാല് മാർക്കാണ്. തെ​റ്റായ ഓരോ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. 720 മാർക്കിന്റെ പരീക്ഷയിൽ മൊത്തം 180 ചോദ്യങ്ങളാണ്. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ 45 വീതവും ബയോളജിയിൽ 90 ചോദ്യവുമാണുണ്ടാവുക.