congress-flag

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് ജയസാദ്ധ്യത മുഖ്യ മാനദണ്ഡമാക്കും. മുൻകാല തിരഞ്ഞെടുപ്പുകളിൽ വിമതപ്രവർത്തനം നടത്തിയവരെയും, വിപ്പ് ലംഘിച്ച് മറുകണ്ടം ചാടിയവരെയും മാറ്റിനിറുത്താനും താഴെത്തട്ടിലടക്കം രൂപീകരിക്കുന്ന തിരഞ്ഞെടുപ്പു സമിതികൾക്ക് നിർദ്ദേശം നൽകും.

പാർട്ടി സമരങ്ങളുമായി ബന്ധപ്പെട്ടല്ലാതെയുള്ള മറ്റ് ക്രിമിനൽ കേസുകളിൽപ്പെട്ടവരെയും ഒഴിവാക്കും. അമ്പത് ശതമാനം വനിതാ സംവരണമുള്ളതിനാൽ പൊതുസീറ്റുകളിൽ സ്ത്രീകൾ സ്ഥാനാർത്ഥിയാവുന്നത് പരമാവധി ഒഴിവാക്കും. അനിവാര്യമെന്ന് തോന്നുന്നിടങ്ങളിൽ മത്സരിക്കാൻ കെ.പി.സി.സിയുടെ അനുവാദം വാങ്ങണം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ, തദ്ദേശ തിരഞ്ഞെടുപ്പ് ചുമതലയുള്ള ജനറൽ സെക്രട്ടറി എം. മുരളി എന്നിവർ ഇന്നലെ നടത്തിയ കൂടിയാലോചനയിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ ധാരണയിലെത്തിയത്.

ത്രിതല പഞ്ചായത്തുകളിലെ സ്ഥാനാർത്ഥിനിർണയ ചുമതല വാർഡ്തല സമിതികൾക്കായിരിക്കും. തർക്കം വന്നാൽ മണ്ഡലം കമ്മിറ്റികൾ ഇടപെടും. അവിടെയും തീർന്നില്ലെങ്കിൽ ഡി.സി.സി തലത്തിലും അവിടെയും തീർന്നില്ലെങ്കിൽ കെ.പി.സി.സി തലത്തിലുമാവും തീർപ്പ്. വാർഡ് സമിതികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ മണ്ഡലം പ്രസിഡന്റ് കൺവീനറായ ആറംഗ മണ്ഡലം സമിതിയുണ്ടാകും. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥിക്കാര്യത്തിൽ അന്തിമതീരുമാനത്തിന് ബ്ലോക്ക് പ്രസിഡന്റുമാർ കൺവീനർമാരായി സമിതിയുണ്ടാകും. സ്ഥലം എം.എൽ.എ, എം.പി, കെ.പി.സി.സി ഭാരവാഹികൾ എന്നിവർ എക്സ് ഒഫിഷ്യോ അംഗങ്ങളായിരിക്കും. മുനിസിപ്പൽ വാർഡുകളിലെ സ്ഥാനാർത്ഥികളിലും അന്തിമതീരുമാനം ബ്ലോക്ക് സമിതിക്കായിരിക്കും.ബ്ലോക്ക് പഞ്ചായത്ത് ഒഴിച്ചുള്ളവയിൽ വാർഡ്തല സമിതികളുടെ ശുപാർശകളിൽ അന്തിമതീർപ്പിന് ഡി.സി.സി പ്രസിഡന്റ് കൺവീനറായ ജില്ലാസമിതിയുണ്ടാകും. കോർപ്പറേഷൻ സ്ഥാനാർത്ഥികളുടെ കാര്യത്തിലും അന്തിമതീരുമാനം ഇവരാകും കൈക്കൊള്ളുക. എല്ലാ തിരഞ്ഞെടുപ്പ് സമിതികളും 25നകം രൂപീകരിക്കാനാണ് ഡി.സി.സികൾക്കുള്ള നിർദ്ദേശം .