കഴക്കൂട്ടം: എസ്.ഐ ലതീഷ് കുമാർ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച എട്ടംഗ സംഘത്തിലെ പെരുമാതുറ സ്വദേശികളായ ഹുമയൂൺ, സെയ്യദ് ഉസ്‌മാൻ, അസറുദ്ധീൻ, മുഹമ്മദ് റാഫി, സജിൻ, ഷജിൻ ഷാ, സുധീർ, നാസിഫ് എന്നിവരെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്‌തു. കഴിഞ്ഞ ജൂൺ 15ന് വൈകിട്ട് 7ഓടെ പെരുമാതുറ വലിയപള്ളിക്ക് സമീപത്തായിരുന്നു സംഭവം. മുതലപ്പൊഴിയിൽ വച്ച് പെരുമാതുറ സ്വദേശി ഷബീറിനെ ആക്രമിച്ച കേസിലെ പ്രതിയായ മുഹമ്മദ് റാഫിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസിനെ ആക്രമിച്ച ശേഷം പ്രതിയുമായി രക്ഷപ്പെട്ടത്. ഒളിവിലായിരുന്ന പ്രതികളെ കഠിനംകുളം സി.ഐ സജീഷ്, എസ്.ഐ ലതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.