
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിക്കും. മികച്ച ചിത്രങ്ങളുടെ വലിയ നിര തന്നെ ഉള്ളതിനാൽ പുരസ്കാര നിർണയം ഇന്നലെ രാത്രിയും പൂർത്തിയായിട്ടില്ല.
സൗബിൻ സാഹിർ, സുരാജ് വെഞ്ഞാറമൂട്, നിവിൻ പോളി, മമ്മൂട്ടി തുടങ്ങിയവരാണ് മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്. പാർവതി, രജീഷ വിജയൻ, അന്ന ബെൻ, കനി കുസൃതി തുടങ്ങിയവരാണ് മികച്ച നടിക്കുള്ള അവാർഡിന് മത്സരിക്കുന്നത്.
മത്സര രംഗത്തുള്ള 119 സിനിമകളിൽ നല്ലൊരു പങ്കും പ്രേക്ഷകർ കണ്ടിട്ടില്ല. റിലീസ് ചെയ്യാത്ത ചിത്രങ്ങളിലെ താരങ്ങൾ അദ്ഭുതം കാട്ടിയ ചരിത്രം മുൻവർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്.
മറ്റ് പ്രധാന പുരസ്കാരങ്ങൾക്കായി യുവ സംവിധായകർ ഒരുക്കിയ തണ്ണീർമത്തൻ ദിനങ്ങൾ (എ.ഡി.ഗിരീഷ്), കുമ്പളങ്ങി നൈറ്റ്‌സ് (മധു സി.നാരായണൻ) ഉയരെ (മനു അശോകൻ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് പൊതുവാൾ), അമ്പിളി (ജോൺ പോൾ ജോർജ്), ഫൈനൽസ് (പി.ആർ.അരുൺ), അതിരൻ (വിവേക് തോമസ് വർഗീസ്), വികൃതി (എം.സി.ജോസഫ്), ബിരിയാണി (സജിൻബാബു) തുടങ്ങിയ ചിത്രങ്ങൾ മത്സര രംഗത്തുണ്ട്. ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കട്ട് ), ആഷിക്ക് അബു (വൈറസ്), ടി.കെ.രാജീവ്കുമാർ (കോളാമ്പി), ഡോ.ബിജു (വെയിൽ മരങ്ങൾ) റോഷൻ ആൻഡ്രൂസ് (പ്രതി പൂവൻകോഴി), ജയരാജ് (ഹാസ്യം), ഗീതു മോഹൻദാസ് (മൂത്തോൻ), മനോജ് കാന (കെഞ്ചീര) വിധു വിൻസന്റ് (സ്റ്റാൻഡ് അപ്പ്) എന്നിവരുടെ ചിത്രങ്ങളും മത്സരിക്കുന്നുണ്ട്.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്.