
കൊണ്ടോട്ടി: കരിപ്പൂരിൽ സ്വർണക്കടത്ത് പിടികൂടാനെത്തിയ ഡി.ആർ.ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരുമാസത്തോളം ഒളിവിലായിരുന്ന പ്രതി അരീക്കോട് പത്തനാപുരം വലിയപീടിയേക്കൽ ഫസലുറഹ്മാനെ(32) പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി മുക്കം കുമരനെല്ലൂർ പയനിങ്ങൽ നിസാർ സംഭവദിവസം തന്നെ പിടിയിലായിരുന്നു. സംഭവസ്ഥലത്ത് നിന്നു മുങ്ങിയ ഫസലുറഹ്മാൻ കോടതയിൽ ജാമ്യം നേടാനെത്തിയപ്പോഴാണ് കൊണ്ടോട്ടി സി.ഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. തുടർന്നു സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡി.ആർ.ഐ സംഘത്തെ വാഹനമിടിപ്പിച്ച കേസിൽ ഫസലുറഹ്മാനും നിസാറും മാത്രമാണ് ഉൾപ്പെട്ടത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു ഡി.ആർ.ഐ അന്വേഷിക്കുന്ന കേസിൽ ഇരുവർക്കും പുറമെ നാല് വിമാനത്താവള ശുചീകരണ വിഭാഗം സൂപ്പർവൈസർമാരും സ്വർണത്തിന് പണമിറക്കിയ രണ്ടു ഇടനിലക്കാരും നേരത്തെ അറസ്റ്റിലായിരുന്നു.