f

കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളം വഴി 692 ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ എയർകസ്റ്റംസിന്റെ പിടിയിലായി. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനായ കണ്ണൂർ സ്വദേശി നൗഷീഖിൽ(40) നിന്നാണ് സ്വർണം പിടിച്ചത്. നാല് സ്വർണ ഗുളികകൾ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്ചോദ്യം ചെയ്യുകയായിരുന്നു. കണ്ടെടുത്ത സ്വർണത്തിനു 35 ലക്ഷം വില ലഭിക്കും. ഞായറാഴ്ച ദുബായിൽ നിന്നെത്തിയ കോഴിക്കോട് ഓമശേരി ഇബ്രാഹിം ഷെരീഫ് ശരീരത്തിനുളളിൽ ഒളിപ്പിച്ചു കടത്തിയ 38.86 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. സ്വർണം ഗുളിക രൂപത്തിലാക്കിയാണ് ഇയാളും ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.പി.മനോജ്, രാധാ വിജയരാഘവൻ, തോമസ് വർഗീസ്, ഇൻസ്‌പെക്ടർമാരായ ടി.എസ്.അഭിലാഷ്, ടി.മിനിമോൾ, പ്രണയ്‌കുമാർ, സിമിത് നെഹ്‌റ, ഹവിൽദാർമാരായ അബ്ദുൾ ഗഫൂർ, കെ.സി മാത്യു തുടങ്ങിയവരാണ് കളളക്കടത്ത് പിടികൂടിയത്.