pinarayi

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനുളള സർക്കാർ യജ്ഞത്തെ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പരിഹസിക്കുന്ന പ്രതിപക്ഷ അദ്ധ്യാപക സംഘടനാ നേതൃത്വത്തോട് സഹതാപമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാവിയെ സംബന്ധിച്ച് വിവിധ മേഖലയിലെ പ്രമുഖരുമായി ഇന്നലെ നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് വിമർശനം. സംഘടനാ നേതൃത്വം എന്തൊക്കെ പറഞ്ഞാലും അദ്ധ്യാപകർ സർക്കാർ പരിപാടിയുമായി സഹകരിച്ചു. തദ്ദേശസ്ഥാപനങ്ങളും ഇൗ വിജയത്തിന് പിന്നിലുണ്ട്. ഇതിനെ വിമർശിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനുവേണ്ടിയാണ് അദ്ധ്യാപകസംഘടനകളിലെ ചിലർ വിമർശനവുമായി വരുന്നത്. സാഹിത്യകാരൻ ടി. പത്മനാഭൻ, മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേസായി, ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥൻ മുരളി തുമ്മാരുകുടി, ഐ. ടി വിദഗ്ധനും ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസ് ആപ്പ് തയ്യാറാക്കിയ ടെക്‌ജെൻഷ്യ എന്ന കമ്പനിയുടെ സി. ഇ. ഒയുമായ ജോയ് സെബാസ്റ്റിയൻ, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, ചലച്ചിത്ര താരങ്ങളായ സുധീർ കരമന, മാല പാർവതി, അധ്യാപിക സായി ശ്വേത, ഫുട്ബാൾ താരം സി. കെ. വിനീത്, വിദ്യാർത്ഥികളായ ആര്യ, നിഥിൻ, നിഹാൽ, രക്ഷകർത്താവ് അശ്വതി തുടങ്ങിയവരാണ് ഫേസ്ബുക്ക് ലൈവിലെത്തിയത്.
''എനിക്ക് മുഖ്യമന്ത്രി അപ്പൂപ്പനോട് ഒരു കാര്യം ചോദിക്കാനുണ്ട്. തിരുവനന്തപുരം വഴുതക്കാട് ശിശുവിഹാറിൽ നാല് ബിയിലാണ് ഞാൻ പഠിക്കുന്നത്. ചേട്ടൻമാരുടെ ക്ലാസുകൾ പോലെ ഞങ്ങളുടെ ക്ളാസുകൾ കൂടി ഹൈടെക് ആക്കിത്തരുമോ ?'' യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ വീഡിയോ ചെയ്ത് മലയാളികൾക്ക് സുപരിചിതനായ നിഥിനെന്ന ശങ്കരന് അറിയേണ്ടത് അതായിരുന്നു. ശങ്കരൻ നല്ല മിടുക്കനാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലെ മുഴുവൻ സ്‌കൂളുകളിലെയും എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ളാസ് റൂമുകളാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആദിവാസി കുട്ടികളെ സ്‌കൂളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗോത്രഭാഷയിൽ ചെറിയ ക്ളാസുകളിൽ പഠനത്തിന് ആദിവാസി യുവതീയുവാക്കളെ നിയമിച്ചത്. സാമൂഹ്യ പഠനമുറികളും ഒരുക്കിയതായി വിതുരയിൽ നിന്നുള്ള വിദ്യാർത്ഥിനി ആര്യയോടും വയനാട്ടിൽ നിന്നുള്ള രക്ഷിതാവ് അശ്വതിയോടും മുഖ്യമന്ത്രി പറഞ്ഞു.