photo

നെടുമങ്ങാട്: കുരുന്നുകളുടെ സർഗശേഷി വികസിപ്പിക്കുന്നതിനും സായാഹ്ന കൂട്ടായ്മകൾക്ക് വേദിയൊരുക്കിയും നെടുമങ്ങാട് നഗരസഭ ആവിഷ്കരിച്ച കുട്ടികളുടെ കൊട്ടാരം യാഥാർത്ഥ്യമായി. നെടുമങ്ങാട് - ആര്യനാട് റോഡിലെ കാരോട് വളവിൽ 1.25 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. ഇന്ന് വൈകിട്ട് 5ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്രം ഉദ്ഘാടനം ചെയ്യും. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി 'ടേക്ക് എ ബ്രേക്ക് ' എന്ന പേരിൽ വിശ്രമമുറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ജലസമൃദ്ധമായ കാരോട് ചിറ നവീകരിച്ച് പ്രകൃതിക്കിണങ്ങും വിധത്തിൽ 37 സെന്റ് സ്ഥലത്താണ് മനോഹരമായ കൊട്ടാരം പണി പൂർത്തീകരിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ റവന്യു ഭൂമിയുമായി ബന്ധപ്പെട്ട് ചില തടസങ്ങൾ നിലനിന്നിരുന്നു. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെയും വാർഡ് കൗൺസിലർ ജെ. കൃഷ്ണകുമാറിന്റെയും ഇടപെടലിലൂടെ ഇവയ്ക്ക് പരിഹാരം കാണുകയായിരുന്നു. പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ച്, ഇവിടെ നിക്ഷേപിച്ചിരുന്ന 180 ലോഡ് ജൈവ - അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. കുട്ടികളുടെ മാനസികോല്ലാസത്തിനും സർഗാത്മക കൂട്ടായ്‌മകൾക്കും സമഗ്ര വികസനത്തിനുള്ള സ്ഥാപനമായും താലൂക്കിലെ ഏറ്റവും വലിയ വിശ്രമ സങ്കേതമായുമാണ് കൊട്ടാരം യാഥാർത്ഥ്യമാകുന്നത്. പാർക്കും ജലാശയവും വെർട്ടിക്കൽ ഗാർഡനും കുട്ടികൾക്കും ഭിന്ന ശേഷി കാർക്കും കളിക്കുന്നതിനുള്ള കളി ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

സൗകര്യങ്ങൾ ഇവയൊക്കെ...

കുട്ടികളുടെ പാർക്ക്

കലാ-കായിക പരിശീലന സൗകര്യങ്ങൾ

ഭിന്നശേഷിക്കാർക്ക് കളിയുപകരണങ്ങൾ

പൂന്തോട്ടം

ഓപ്പൺ എയർ ആഡിറ്റോറിയം

എഫ്.എം റേഡിയോ സൗകര്യങ്ങൾ

വിജ്ഞാന വിനോദ സംവിധാനങ്ങൾ