
ആര്യനാട്: അന്താരാഷ്ട്ര നിലവാരത്തിൽ ആര്യനാട്ട് നിർമ്മിക്കുന്ന എ.പി.ജെ. അബ്ദുൾ കലാം സ്റ്റേഡിയം അന്തിമ ഘട്ടത്തിൽ. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ആനന്ദേശ്വരത്തുള്ള 64 സെന്റിൽ കേന്ദ്ര സർക്കാരിന്റെ അർബൻ ഫണ്ടുപയോഗിച്ച് ഒരു കോടി രൂപയ്‌ക്ക് നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ ഇൻഡോർ സംവിധാനവുമുണ്ട്. 5000 സ്‌ക്വയർ ഫീറ്റുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ മൂന്ന് ബാഡ്മിന്റൻ കോർട്ട്, ഒരു വോളിബാൾ കോർട്ട്, ബാസ്‌ക്കറ്റ് ബാൾ കോർട്ട് എന്നിവ ഒരുക്കിയിട്ടുണ്ട്. പുറത്തുള്ള സ്ഥലത്ത് ഫുട്ബാൾ കോർട്ട്, അന്തർദ്ദേശീയ നിലവാരത്തിൽ ഐ.സി.സി.അംഗീകരിച്ച രണ്ട് ക്രിക്കറ്റ് പ്രാക്റ്റീസ് ഫ്ളക്സ് പിച്ച് എന്നിവയൊരുക്കും. പി.എസ്.എസിയുടെ വിവിധ ലിസ്റ്റുകളിലുള്ള ഉദ്യോഗാർത്ഥികൾക്കായി കായിക പരിശീലനം നൽകാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലകനെ നിയമിക്കാനും ലക്ഷ്യമുണ്ട്. ആര്യനാട്ട് നിന്ന് ദേശീയ - അന്തർദ്ദേശീയ തലത്തിൽ കായിക താരങ്ങളെ സൃഷ്ടിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.