തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും. ഘോഷയാത്രയുടെ നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 13ന് വിഗ്രഹങ്ങൾ ശുചീന്ദ്രത്ത് നിന്നും പത്മനാഭപുരത്ത് എത്തിക്കുന്നതിനുള്ള നടപടികൾ കന്യാകുമാരി ജില്ലാഭരണകൂടം സ്വീകരിക്കും. 14ന് പത്മനാഭപുരത്ത് നിന്നും കുഴിത്തുറയിലേക്ക് എഴുന്നള്ളത്ത് ആരംഭിക്കും. ആനയും വെള്ളിക്കുതിരയും സാധാരണ കൊണ്ടുവരുന്ന പല്ലക്കുകളും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിവാക്കും. ഇവ ഒഴിവാക്കാവുന്നതാണെന്ന് തന്ത്രിയും ബ്രാഹ്മണസഭയും അറിയിച്ചു. പകരം 4 പേർ വീതം എടുക്കുന്ന പല്ലക്കുകളിൽ സരസ്വതിയമ്മനെയും കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും എഴുന്നള്ളിക്കും. തന്ത്രിയുമായും കൊട്ടാരം പ്രതിനിധികളുമായും ചർച്ച ചെയ്‌ത് ബ്രാഹ്മണ സഭ സമർപ്പിച്ച നിർദ്ദേശങ്ങളുടെയും നവരാത്രി ട്രസ്റ്റുകളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. സാമൂഹ്യഅകലം പാലിച്ച് എഴുന്നള്ളത്ത് നടത്തേണ്ടതിനാൽ വഴിയിലുള്ള സ്വീകരണവും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് യോഗം തീരുമാനിച്ചു. യോഗത്തിൽ മേയർ കെ. ശ്രീകുമാർ, ശശി തരൂർ എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഐ.ബി. സതീഷ്, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ കളക്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കന്യാകുമാരി സബ് കളക്ടർ, കേരള പൊലീസ്, തമിഴ്നാട് പൊലീസ്, കൊട്ടാരം പ്രതിനിധി, ബ്രാഹ്മണസഭ, നവരാത്രി ട്രസ്റ്റ് കമ്മിറ്റികൾ തുടങ്ങിയവർ പങ്കെടുത്തു.
ഘോഷയാത്ര ഇങ്ങനെ
--------------------------------------------
റോഡിൽ തിരക്ക് കുറഞ്ഞ സമയങ്ങളിലാണ് എഴുന്നള്ളത്ത് നടത്തുക. 15ന് രാവിലെ 6ന് കുഴിത്തുറയിൽ നിന്നും എഴുന്നള്ളത്ത് ആരംഭിച്ച് രാവിലെ 8.30ന് കളിയിക്കാവിളയിലെത്തും. അവിടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം 9ന് തിരിച്ച് 12ന് നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കും. നെയ്യാറ്റിൻകരയിൽ നിന്നും 16ന് രാവിലെ 5.30ന് തിരിച്ച് 9ന് കരമനയിലെത്തും. അവിടെ നിന്നും 3ന് തിരിച്ച് 4ന് കോട്ടയ്‌ക്കകത്ത് എഴുന്നള്ളത്ത് എത്തിച്ചേരും. ശാന്തിക്കാരെയും പല്ലക്ക് എടുക്കുന്നവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കും. യോഗത്തിലെ തീരുമാനങ്ങൾക്ക് കൊട്ടാരം പൂർണ പിന്തുണ നൽകി. അനുകൂല നിലപാട് സ്വീകരിച്ചതിന് ബ്രാഹ്മണ സഭ സർക്കാരിന് നന്ദി അറിയിച്ചു.