
കല്ലമ്പലം: കൊവിഡ് കാലത്ത് ജീവിത പ്രതിസന്ധി തരണം ചെയ്യാൻ ക്ഷീരമേഖലയിലേക്ക് തിരിഞ്ഞ കർഷകനും കുടുംബവും മാതൃകയായി. നാവായിക്കുളം ഐരമൺനില ടി.പി ഹൗസിൽ നഹാസാണ് ഈ മാതൃകാ കർഷകൻ. വിവിധ ഇനങ്ങളിലുള്ള ജഴ്സി, സിന്ധി, വെച്ചൂർ തുടങ്ങിയ ഇരുപതോളം പശുക്കളാണ് നഹാസിന്റെ ഫാമിലുള്ളത്. ദിവസവും ലഭിക്കുന്ന ശുദ്ധമായ പാൽ വീട്ടാവശ്യം കഴിഞ്ഞ് അടുത്തുള്ള ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നൽകും.

ഏറെ വൃത്തിയോടെ പരിപാലിക്കുന്ന ഫാം സ്വന്തം പ്രയത്നത്തിൽ ആരംഭിച്ചതാണ്. ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും മൈക്ക് സെറ്റും മറ്റും വാടകയ്ക്ക് നൽകി ഉപജീവന മാർഗ്ഗം കണ്ടെത്തിയിരുന്ന നഹാസിന്റെ ജീവിതം കൊവിഡ് വ്യാപനത്തെ തുടർന്ന് വഴിമുട്ടി. ഉത്സവാഘോഷങ്ങളും പൊതു ചടങ്ങുകളും സർക്കാർ നിരോധിച്ചതോടെ ലക്ഷക്കണക്കിന് രൂപയുടെ സ്പീക്കറുകൾ, ആംപ്ലിഫയറുകൾ, ദീപാലങ്കാരങ്ങൾ, മ്യൂസിക് സിസ്റ്റം തുടങ്ങിയവ പൊടിപിടിക്കുന്ന അവസ്ഥയിലായി. നിത്യവൃത്തിക്ക് വഴിയില്ലാതായതോടെ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കാതെ നഹാസ് ക്ഷീരകർഷകനാകാൻ ഇറങ്ങി. പശുക്കളോടൊപ്പം 2ഏക്കറോളം ഭൂമിയിൽ നെൽക്കൃഷിയുമുണ്ട്. ഇതിനാവശ്യമായ വളത്തിനും നഹാസ് പശുവിൽ നിന്നും കിട്ടുന്ന ചാണകമാണ് ഉപയോഗിക്കുന്നത്. പശുക്കൾക്ക് കൊടുക്കുന്നതിനായി ഒരു ഏക്കറോളം ഭൂമിയിൽ പുൽ കൃഷിയും ചെയ്തിട്ടുണ്ട്. കൊവിഡ് കാരണം പണിക്കാരെയൊന്നും തന്നെ ജോലിക്ക് നിർത്തിയിട്ടില്ല. നഹാസിനെ ഫാമിൽ സഹായിക്കാൻ ഭാര്യയും വിദ്ധ്യാർത്ഥികളായ മക്കളും ഒപ്പമുണ്ട്. കാർഷിക മേഖലയെപ്പറ്റി മക്കൾക്കും പലതും മനസിലാക്കാനുണ്ടെന്നും തന്റെ മാതാപിതാക്കളും കർഷകരായിരുന്നുവെന്നും അതാണ് തനിക്കും ഈ മേഖലയിൽ താൽപര്യമുണ്ടാകാൻ കാരണമെന്നും നഹാസ് പറഞ്ഞു. ക്ഷീര സംഘത്തിലെ ബോർഡ് മെമ്പർകൂടിയായ നഹാസ് ജനങ്ങൾക്ക് ശുദ്ധമായ കലർപ്പില്ലാത്ത പാൽ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് പശുക്കളെ പരിപാലിക്കുന്നത്. എന്നാൽ ക്ഷീര മേഖല പൊതുവെ പ്രതിസന്ധിയിലാണെന്നും ക്ഷീര കർഷകർക്കുള്ള പല സർക്കാർ ആനുകൂല്യങ്ങളും കർഷകരിലെത്തുന്നില്ലെന്നും നഹാസ് പറയുന്നു. ഗുണമേന്മയുള്ള കാലിത്തീറ്റ നൽകിയും ഫാമും പരിസരവും വൃത്തിയായി സൂക്ഷിച്ചുമൊക്കെയാണ് നഹാസിന്റെ മുന്നോട്ടുള്ള പ്രയാണം.
പ്രതികരണം
പാൽ സംഭരണത്തിലും കാലിത്തീറ്റ സബ്സിഡിയിലും സർക്കാർ കാട്ടുന്ന അനാസ്ഥ ക്ഷീര കർഷകരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇവർക്ക് ലഭിക്കേണ്ട അർഹതയുള്ള ആനുകൂല്യങ്ങൾ പോലും സമയബന്ധിതമായി ലഭിക്കുന്നില്ല. യുവ കർഷകരെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ സർക്കാർ ഉപയോഗപ്രദമായ പദ്ധതികൾ മുന്നോട്ടു വയ്ക്കണം.
- വർക്കല കഹാർ (മുൻ എം.എൽ.എ)