covid

ആലുവ: കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവ പച്ചക്കറി മത്സ്യ മാർക്കറ്റ് അടച്ചതിന് പിന്നാലെ നടത്തിയ കൊവിഡ് പരിശോധനയോട് മുഖ തിരിച്ച് വ്യാപാരികളും തൊഴിലാളികളും. 75 ഓളം വ്യാപാരികൾക്കും മൂന്നിരട്ടിയോളം തൊഴിലാളികൾക്കുമായി അനുവദിച്ച സമയത്ത് പരിശോധനക്കെത്തിയത് കേവലം 16 പേർ. അതേസമയം, പാർക്കറ്റിലെ 150 ഓളം ചുമട്ടുതൊഴിലാളികളിൽ 86 പേർ പരിശോധന നടത്തി. ഇവരിൽ രണ്ട് പേർക്ക് രോഗം കണ്ടെത്തി. പനിയെ തുടർന്ന് ഞായറാഴ്ച്ച രണ്ട് വ്യാപാരികൾ ആശുപത്രിയിൽ നേരിട്ട് നടത്തിയ പരിശോധനയിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മാർക്കറ്റുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ളത് പത്ത് പേരാണ്. ഇതിന് പുറമെ പകുതിയോളം പേരുടെ കുടുംബാംഗങ്ങളും ചികിത്സയിലാണ്. ഇത്രയേറെ ഗുരുതരമായ സാഹചര്യമുണ്ടായിട്ടും 90 ശതമാനം വ്യാപാരികളും കൊവിഡ് പരിശോധനക്ക് ഹാജരാകാത്തത് ആരോഗ്യപ്രവർത്തകരെയും വിഷമത്തിലാക്കുകയാണ്.

ആലുവ പച്ചക്കറി - മത്സ്യ മാർക്കറ്റുകളിലായി 76 സ്റ്റാളുകൾ മാത്രമുണ്ട്. ചിലർ കൂട്ടുസംരംഭമായി സ്റ്റാളുകൾ നടത്തുന്നുണ്ട്. ഓരോ സ്റ്റാളിലും രണ്ട് മുതൽ അഞ്ച് വരെ തൊഴിലാളികളുണ്ടാകും. ഇതിന് പുറമെ മാർക്കറ്റിലെ മൊത്ത വ്യാപാരികൾക്ക് അഞ്ച് മുതൽ പത്ത് വരെ അന്യസംസ്ഥാനക്കാരായ തൊഴിലാളികളുമുണ്ട്. ഇവരെല്ലാം ചേർന്നാൽ ഏകദേശം മാർക്കറ്റുമായി ബന്ധപ്പെട്ട് 400 ഓളം പേരുണ്ടാകും. ഇവരിൽ 116 പേർ മാത്രമാണ് ഇന്നലെ പരിശോധനക്കെത്തിയത്. ഓരോ വിഭാഗത്തിനും പ്രത്യേക സ്ളോട്ടുകളായി തിരിച്ചാണ് പരിശോധന സൗകര്യം ഒരുക്കിയിരുന്നത്. ആരോഗ്യമുള്ളവർക്ക് രോഗ ലക്ഷണം കാണിക്കില്ലെങ്കിലും ആരോഗ്യമില്ലാത്തവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും വേഗത്തിൽ രോഗപകർച്ചക്ക് വഴിയൊരുക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. അതിനാൽ കൊവിഡ് പരിശോധനക്ക് വിധേയമാകാതെ മാറിനിൽക്കുന്നത് സമൂഹത്തെയാണ് ബാധിക്കുന്നതെന്നും ഇവർ പറയുന്നു.