incubator

കുറ്റ്യാടി: കൊവിഡ് കാലത്ത് സ്കൂളൊക്കെ പൂട്ടിയതോടെ പത്താം ക്ലാസുകാരൻ നടത്തിയ പരീക്ഷണം വൻ വിജയം. സ്വന്തമായി ഉണ്ടാക്കിയ ഇൻക്യുബേറ്ററിൽ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങൾ ഇപ്പോൾ ഇവിടെ പിച്ചവെച്ച് നടക്കുകയാണ്. കുറ്റ്യാടി നടുപൊയിൽ സ്വദേശി സഞ്ജയ് ദിനേശനാണ് ഈ താരം.

ഇൻക്യുബേറ്ററിൽ രാവിലെയും വൈകീട്ടും മുട്ടകൾ തിരിച്ചു വച്ചു കൊണ്ടിരിക്കണം. ഗ്ലാസിനകത്തെ വെള്ളം കുറയുന്നതിന് അനുസരിച്ച് മുട്ട വിരിയുന്ന ദിവസം വരെ ഒഴിച്ചു കൊണ്ടിരിക്കണം. 21 ദിവസമാണ് മുട്ട വിരിയാൻ വേണ്ടത്. വിരിഞ്ഞതിന് ശേഷം കോഴിക്കുഞ്ഞുങ്ങൾ ബോക്സിൽ ക്രമീകരിച്ച ചൂടിൽ കഴിയും. തുടർന്ന് സാധാരണ കാലാവസ്ഥയുമായി ചേർന്ന് ഓടി കളിക്കാനും ഭക്ഷണവും വെള്ളവും കുടിക്കാനും തുടങ്ങും.

കരകൗശല വസ്തുക്കളും അക്വേറിയവും വ്യത്യസ്ഥ ഇലക്ട്രിക്ക്- ഇലക്ട്രോണിക്ക് ടെക്നിക്കുകളുമൊക്കെ സഞ്ജയ് യുടെ ശേഖരത്തിലുണ്ട്. ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ പകർത്താനും സമയം കണ്ടെത്തുന്നു. വീട്ടിലെ അറുപതോളം കോഴികളെ പരിപാലിക്കേണ്ട ചുമതലയും ഈ പത്താം ക്ലാസുകാരനാണ്. കൂട്ടായി സഹോദരി സഹനയും ഒപ്പമുണ്ടാവും. കുറ്റ്യാടിക്കടുത്തെ വട്ടോളി നാഷണൽ ഹൈസ്‌കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സഞ്ജയ്. അച്ഛൻ നടുപൊയിൽ ദിനേശൻ, അമ്മ ഷിജി.

സാങ്കേതിക വിദ്യ

ഡിജിറ്റൽ തെർമോസ്റ്റാറ്റ്, ഫിലമെന്റ് ബൾബ്, 12 വോൾട്ട് അഡാപ്റ്റർ, 12 വോൾട്ട് സി.പി.യു, ഫാൻ, ഡിസ്‌പോസിബിൾ ഗ്ലാസ്, തെർമോകൂളർ ഷീറ്റ്, കാർഡ് ബോർഡ് പെട്ടി തുടങ്ങിയ വസ്തുക്കൾ ശേഖരിച്ചു. തുടർന്ന് ഇൻക്യൂബേറ്റർ നിർമ്മിക്കുന്നതിനായി തർമോ കൂളറിന്റെ ഷീറ്റ് ആവശ്യത്തിനനുസരിച്ച് വെട്ടി കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ബോക്സിന്റെ രൂപത്തിൽ ഘടിപ്പിച്ചു. തുടർന്ന് ബോക്സിനുള്ളിൽ ഡിജിറ്റൽ തെർമോസ്റ്റാറ്റിൽ 37.5 വാല്യുസെറ്റ് ചെയ്യും. തുടർന്ന് അഡാപ്റ്ററിന്റെ + വയർ തെർമോ സ്റ്റാറ്റിന്റെ +12 മായി കണക്ട് ചെയ്യും. നെഗറ്റീവ് വയർ ഗ്രൗണ്ടിൽ (ജി.എൻ.ഡി) കണക്ട് ചെയ്യും. കറണ്ട് സപ്ലെയിൽ നിന്നും വരുന്ന വയർ കെ 1 ലും മറ്റേ വയർ ബൾബുമായും കണക്ട് ചെയ്യും. ഇതാണ് സാങ്കേതിക വിദ്യ.