
ഹിമാചൽ പ്രദേശുകാരുടെ ഗാനത്തിലൂടെ ഇന്ത്യയാകെ കൈയടി നേടിയ മിടുക്കിയുടെ വിശേഷങ്ങൾ
കൊവിഡ് കാലം അല്ലായിരുന്നെങ്കിൽ തിരുമലയിലെ ദേവിക ദേവതകളുടെ നാടായ ഹിമാചൽ പ്രദേശിന്റെ ആദരവ് അവിടെ എത്തി ഇതിനകം സ്വീകരിച്ചു കഴിഞ്ഞേനെ. അത്രമേൽ അവിടത്തുകാർ ദേവികയെ ഇഷ്ടപ്പെട്ടുപോയി. മുഴുവൻ ഹിമാചൽകാരുടേയും ആവേശം ഉൾക്കൊണ്ട് അവിടത്തെ മുഖ്യമന്ത്രി ജയ്റാം താക്കൂർ ദേവികയെ അവിടെ ക്ഷണിച്ചു കഴിഞ്ഞു. കൊവിഡ് ഭീതി അകലുമ്പോൾ ഹിമവാന്റെ മടിത്തട്ടിലേക്ക് ദേവിക പോകും.
കൊവിഡും ലോക്ക്ഡൗണും ഇല്ലാതിരുന്നെങ്കിലോ? ദേവികയുടെ പാട്ട് ഇത്രമേൽ ഒഴുകി പരക്കുമായിരുന്നുവോ എന്നത് സംശയമാണ്. രാജ്യത്തെ മുഴുവൻ കേന്ദ്രീയ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന 'ഏക് ഭാരത് ശ്രേഷ്ഠഭാരത് " പഠനത്തിന്റെ ഭാഗമായാണ് ഈ ഹിമാചൽ നാടോടിഗാനം ദേവിക പാടുന്നത്. സ്കൂൾ അദ്ധ്യയനം ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം പാട്ടുകൾ ആലപിക്കപ്പെടുക സ്കൂൾ അസംബ്ലികളിലാണ്. സ്കൂൾ പഠനം പതിവുപോലെ നടക്കുന്ന ദിവസങ്ങളിലായിരുന്നുവെങ്കിൽ ദേവികയുടെ പാട്ടിന് കിട്ടുന്ന അംഗീകാരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും കരഘോഷത്തിൽ മാത്രം ഒതുങ്ങിപ്പോയേനെ. കൊവിഡായതിനാൽ ക്ലാസെല്ലാം ഓൺലൈനിൽ. കുട്ടി തിരുമലയിലെ വീട്ടിലിരുന്ന് പാടി റെക്കോഡ് ചെയ്ത് സ്കൂളിലേക്ക് അയച്ചുകൊടുത്തു. മികച്ച കലാപരിപാടികൾ ഓൺലൈനിൽ പോസ്റ്റു ചെയ്യും. അങ്ങനെ അത് സ്കൂൾ വെബ്സൈറ്റിലും എഫ്.ബി പേജിലും വന്നു. അതിൽ നിന്നാണ് ഗാനം വൈറലാകുന്നത്.
കൊവിഡിന് ശേഷം ഹിമാചൽ പ്രദേശിലെത്തിയാൽ അവിടെ നിരവധി ഗാനങ്ങൾ ദേവികയ്ക്ക് ആലപിക്കാനായി ചിട്ടപ്പെടുത്തിയിട്ടുണ്ടാകും. അതിൽ ആദ്യത്തേത് അവിടത്തെ പ്രമുഖ ഗായകനും അഭിനേതാവുമായ താക്കൂർദാസ് രാഥിയുടേതാണ്. ''ഞാൻ ദേവികയ്ക്കു വേണ്ടി ഒരു ഗാനം ഇപ്പോൾ ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഹിമാചലിന്റേതായ ഗാനം. അവൾ എത്തുമ്പോൾ പാടിക്കാൻ വേണ്ടി""- അദ്ദേഹം പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിലൂടെ പാട്ടും ഡാൻസുമൊക്കെ വൈറൽ ആകുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. എന്നാൽ സമാനതകളില്ലാത്ത ഒരു പുതുമയും അംഗീകാരവും ദേവികയുടെ പാട്ടിന് ലഭിച്ചുവെന്നതാണ് പ്രധാനം. ഒരു ഗാനം അവൾ പാടുന്നത് ചാനലുകളിലെ റിയാലിറ്റി ഷോയ്ക്കു വേണ്ടിയല്ല, പഠനത്തിന്റെ ഭാഗമായാണ്. ആ ഗാനം സ്വന്തം നാട്ടുകാർ ഏറ്റെടുക്കുംമുമ്പ് ഹിമഭൂമി ഏറ്റെടുക്കുന്നു. അവിടെ നിന്നും എല്ലാ ഹിന്ദിദേശത്തും പാട്ട് ഒഴുകി പരക്കുന്നു. ആരാണ് ഈ പാട്ടുകാരി എന്ന് എല്ലാവരും അന്വേഷിക്കുന്നു. കേരളത്തിലെ കുട്ടി എന്നറിയുമ്പോൾ അത്ഭുതം! പിന്നെ അംഗീകാരമാണ്. നമ്മുടെ സാംസ്കാരിക മന്ത്രി എം.കെ.ബാലൻ പ്രശംസിക്കുന്നു. പിന്നെ ഹിമാചലിന്റെ മുഖ്യമന്ത്രിയുടെ ക്ഷണം. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ. അന്നു തന്നെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രശംസിക്കുന്നു. അടുത്ത ദിവസം കേന്ദ്രമന്ത്രി വി. മുരളീധരനും മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും ആശംസകൾ. ഗവർണർ ഡോ.ആരിഫ് മുഹമ്മദ് ഖാൻ ദേവികയേയും കുടുംബത്തേയും രാജ്ഭവനിലേക്ക് ക്ഷണിച്ചുവരുത്തി സൽക്കരിക്കുന്നു.
ഇങ്ങനെയൊക്കെ സംഭവിച്ചപ്പോൾ ദേവികയുടെ അവസ്ഥ എന്താണ്? അവൾ ഇതൊക്കെ സംഭവിക്കുന്നത് സ്വപ്നത്തിലാണോ എന്ന് ഇടയ്ക്കിടെ ചിന്തിച്ചു പോകുന്നു. ''പ്രധാനമന്ത്രിയും ഹിമാചൽ മുഖ്യമന്ത്രിയുമൊക്കെ പ്രശംസിച്ചപ്പോൾ ശരിക്കും സ്വപ്നമാണെന്നാണ് കരുതിയത്. പിന്നെ രാജ്ഭവനിൽ പോയപ്പോൾ അമ്പരന്നു പോയി. എന്റെ പാട്ട് ഗവർണർ സാർ മുഴുവനും കേട്ടു. എന്നെ ചേർത്തു പിടിച്ചു. മാഡത്തിനും (ഗവർണറുടെ പത്നി) ഇഷ്ടമായി. മന്ത്രി ബാലൻ സാർ വിളിച്ചപ്പോൾ തന്നെ ഞാൻ സന്തോഷംകൊണ്ട് മതിമറന്നുപോയി. ആദ്യമായിട്ടാണ് ഒരു മന്ത്രിയോടു സംസാരിക്കുന്നത്."" ഇതൊക്കെ പറയുമ്പോഴും ദേവികയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വികസിക്കുന്നുണ്ടായിരുന്നു.
''അങ്ങനെ വളരെ അടിച്ചുപൊളിച്ചു നടക്കുന്ന കുട്ടിയല്ല ദേവിക. വളരെ സൈലന്റുമല്ല. നെറ്റിയിൽ വലതുവശത്തൊരു മറുകുണ്ട് ദേവികയ്ക്ക്. അത് ഭാഗ്യമറുകാണെന്നാണ് അമ്മൂമ്മ ശശികുമാരി പറയുന്നത്. കുട്ടിക്കാലത്ത് തൊട്ടിലിൽ കിടന്നുറങ്ങുമ്പോൾ തന്നെ നല്ല ഈണത്തിൽ മൂളിക്കൊണ്ടു കിടക്കും. അപ്പോൾ ആരെങ്കിലും താരാട്ട് പാട്ട് പാടുന്നതുപോലും അവൾക്കിഷ്ടമില്ലായിരുന്നു"" ദേവികയെ അനുമോദിക്കാനായി വീട്ടിലെത്തുന്നവരോടായി അമ്മുമ്മ ഓർമ്മകൾ പങ്കുവയ്ക്കും. എന്നാൽ ദേവിക ശാസ്ത്രീയമായി പാട്ട് പഠിച്ചിട്ടില്ല. ഇപ്പോൾ അതിനും വഴി തുറന്നു. സംഗീത അദ്ധ്യാപികയും പിന്നണിഗായികയുമായ ലൗലി ജനാർദ്ദനൻ ദേവികയെ സംഗീതം ഓൺലൈനായി പഠിപ്പിച്ചു തുടങ്ങിക്കഴിഞ്ഞു. ദേവികയുടെ പാട്ട് ഹിമാചൽപ്രദേശ് ഏറ്റടുത്തുവെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് 'കേരളകൗമുദി"യായിരുന്നു. ആ റിപ്പോർട്ടിൽ ദേവികയ്ക്ക് പാട്ട് പഠിക്കണമെന്ന ആഗ്രഹവും പങ്കുവച്ചിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ലൗലി ദേവികയുടെ ആഗ്രഹസഫലീകരണത്തിന് മുന്നോട്ടുവന്നത്. പാട്ടുകാരി മാത്രമല്ല ചിത്രകാരി കൂടിയാണ്. അക്കാര്യവും റിപ്പോർട്ടിലുണ്ടായിരുന്നു. ലളിതകലാ അക്കാഡമി ചെയർമാനും സംവിധായകനുമായ നേമം പുഷ്പരാജ് ദേവികയ്ക്ക് ഉചിതമായ സമ്മാനം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ദേവികയുടെ പാടാനുള്ള കഴിവ് പ്രോത്സാഹിപ്പിച്ചത് അമ്മ സംഗീതയാണ്. കലാവാസനയുള്ള സംഗീത നർത്തകി കൂടിയാണെന്നത് വീട്ടുകാരുടെ മാത്രം അറിവാണ്. അമ്മയും ദേവികയും അനുജൻ ഭരത് കൃഷ്ണയും ചേർന്ന് വീട്ടിലൊരു കലാമേളം തന്നെ നടത്താറുണ്ട്. നല്ലൊരു പാട്ടുകാരിയാകണമെന്നു തന്നെയാണ് ദേവികയ്ക്ക് ഇഷ്ടം. ഒപ്പം ഡോക്ടറുമാകണം. ''ഇഷ്ടപ്പെട്ട വിഷയം ബയോളജിയാണ്. ഇഷ്ടപ്പെട്ട പാട്ടുകാർ കെ.എസ്.ചിത്രയും ശ്രേയാഘോഷാലും ഹരിശങ്കറുമാണ്"".
താക്കൂർദാസ് രാഥിയുടെ വാക്കുകൾ
ദേവികയുടെ പാട്ട് ഹിമാചൽ പ്രദേശിൽ പോപ്പുലർ ആക്കിയവരിൽ പ്രധാനി താക്കൂർദാസ് രാഥിയായിരുന്നു. അഞ്ച് ദിവസം കൊണ്ട് 21 ലക്ഷം പേരാണ് താക്കൂർദാസ് രാഥിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും ദേവികയുടെ പാട്ട് ആസ്വദിച്ചത്.
ദക്ഷിണേന്ത്യയിലെ ഒരു പെൺകുട്ടിയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. കേരളത്തിലെ കുട്ടിയാണ് ദേവികയെന്ന് അറിയുന്നത് കേരളകൗമുദിയിലൂടെയാണ്. ഞാൻ കേരളത്തിൽ വന്നിട്ടുണ്ട്. ഷൂട്ടിംഗിനായി തിരുവന്തപുരത്ത് പൂവാറിലാണ് എത്തിയത്. എനിക്കറിയാം കേരളത്തിലുള്ളവർ ഇംഗ്ലീഷ് പറയും. പക്ഷേ, ഹിന്ദി സംസാരിക്കാറില്ല എന്റെ അനുഭവം അതാണ്. അവിടെ നിന്നുള്ള കുട്ടി കൃത്യമായി നോട്ടുകളൊന്നും തെറ്റിക്കാതെ ഹിമാചലി ഗാനം പാടിയെന്നത് അത്ഭുതം തന്നെയാണ്. പിന്നെ ഇവിടെയുള്ള പത്രങ്ങളും ദേവികയെ വാഴ്ത്തുന്നു. ഇവിടത്തെ സർക്കാരും അങ്ങനെ തന്നെ. അവളെ പ്രോത്സാഹിപ്പിച്ചതിൽ 'കേരളകൗമുദി"എന്ന പത്രത്തിന് വലിയൊരു പങ്കുണ്ടെന്ന് ഞാൻ മനസിലാക്കുന്നു.