
കല്ലമ്പലം: കുടവൂർ പാടശേഖരത്തിൽ ഞാറ്റുപാട്ടിന്റെ ഈണത്തോടെ പാടത്തൊരുക്കിയ ഞാറ്റടികളിൽ കർഷകർ വിത്ത് പാകി. എന്നാൽ മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ഞാറുകൾ വെള്ളത്തിനടിയിലായി നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. കൊയ്യാൻ പാകമെത്തിയ നെൽക്കതിരുകൾ കഴിഞ്ഞമാസം പെയ്ത ശക്തമായ മഴയിൽ വെള്ളത്തിനടിയിലായി നശിച്ചതോടെ കർഷകരുടെ പ്രതീക്ഷകൾ നിലച്ചിരുന്നു.വെള്ളം താഴ്ന്നപ്പോൾ ദിവസങ്ങളോളം വെള്ളത്തിനടിയിൽ കിടന്ന് ഉപയോഗശൂന്യമായ നെൽക്കതിരുകൾ മൊത്തമായി നീക്കം ചെയ്ത് വീണ്ടും കൃഷിക്കായി തയ്യാറെടുത്ത കർഷകർക്കാണ് ഇരുട്ടടിയായി മഴ തുടരുന്നത്. ലോണെടുത്തും പലിശയ്ക്ക് വാങ്ങിയുമൊക്കെയാണ് ആദ്യ തവണ കർഷകർ കൃഷിയിറക്കിയത്.കാലവർഷം ചതിച്ചതോടെ ഭീമമായ നഷ്ടമാണ് കർഷകർക്കുണ്ടായത്. അടുത്ത കൃഷിക്ക് വീണ്ടും പ്രതീക്ഷയോടെ പാകിയ വിത്തുകൾ വെള്ളത്തിലായാൽ കർഷകരുടെ ഗതി ദുരിതത്തിലാകും. മഴ തുടർന്നാൽ വൻ സാമ്പത്തിക ബാദ്ധ്യതയാകും കർഷകർക്കുണ്ടാകുക. കാലവർഷക്കെടുതിയിൽ കടക്കെണിയിലാകുന്ന കർഷകരെ സഹായിക്കാൻ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ഭാഗത്തു നിന്നും ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.