health

രോഗങ്ങളെല്ലാം ചികിത്സിച്ച് സുഖപ്പെടുത്തേണ്ടവതന്നെയാണ്. എന്നാൽ, എല്ലാ രോഗത്തിനും ചികിത്സ ഒരുപോലെയല്ല. ഭക്ഷണക്രമത്തിൽ വ്യത്യാസം വരുത്തിയാൽ തന്നെ ചിലത് സുഖപ്പെടും. മറ്റു ചിലതിനാകട്ടെ, ശീലങ്ങളിൽ വ്യത്യാസം വരുത്തുകയും മരുന്നോ ശസ്ത്രക്രിയയോ ആവശ്യമായി വരികയും ചെയ്യും. അതായത്, ശരീരത്തിനും പ്രകൃതിക്കും അനുയോജ്യമായ ചികിത്സയാണ് വേണ്ടത്.

ഒരു രോഗത്തിനോടനുബന്ധിച്ച് അനുഭവപ്പെടുന്ന വേദന, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ മരുന്ന് ഉപയോഗിക്കുന്നത് ശരിയായ ചികിത്സയാണെന്ന് പറയാൻ കഴിയില്ല. അത് ലക്ഷണങ്ങളെ താൽക്കാലികമായി മാറ്റുമെന്നേയുള്ളൂ. ഇത്തരത്തിൽ താത്ക്കാലികമായി കുറയുന്ന രോഗം വീണ്ടും അടുത്തഘട്ടത്തിൽ കൂടുതൽ വ്യാപിക്കുകയും ഗൗരവമുള്ളതായി മാറുകയും ചെയ്യാം.

പല രോഗങ്ങളും വേഗത്തിൽ ചികിത്സിച്ചു മാറ്റുന്നതിനേക്കാൾ പ്രാധാന്യമുണ്ട് അതിന്റെ കാരണം കണ്ടെത്തുന്നതിന്. ഏതെങ്കിലും മരുന്നു കഴിച്ച് ലക്ഷണങ്ങൾ കുറച്ചശേഷം രോഗകാരണം അന്വേഷിച്ചാൽ പലപ്പോഴും ശരിയായി മനസിലാക്കാൻ ഒരു ഡോക്ടർക്ക് പോലും കഴിഞ്ഞെന്നുവരില്ല.

രക്തം, മൂത്രം തുടങ്ങിയവ പരിശോധിച്ചോ എക്സ്റേ, സ്കാൻ മുതലായവ നിരീക്ഷിച്ചോ മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ചോ മാത്രമല്ല രോഗത്തെ കണ്ടെത്തുന്നത്.

രോഗിയെ കണ്ടും നിരീക്ഷിച്ചും സ്പർശിച്ചും കാര്യങ്ങൾ ചോദിച്ചുമൊക്കെയാണ് തീരുമാനത്തിലെത്തുന്നത്.

ഏത് രോഗമായാലും ഏതെങ്കിലും മരുന്നുകഴിച്ച് എത്രയും വേഗം മാറണമെന്നാണ് രോഗി ആഗ്രഹിക്കുന്നത്. എന്നാൽ പല രോഗങ്ങളും ദീർഘകാലം നിലനിൽക്കുന്നതും അനുബന്ധരോഗങ്ങൾ കൂടി വരാൻ സാദ്ധ്യതയുള്ളതുമാണ്. അതുകൊണ്ടുതന്നെ ധൃതിപിടിച്ച് ചികിത്സിക്കേണ്ടവയല്ല എന്ന് അറിയണം. രോഗങ്ങളെ വേഗത്തിൽ മാറ്റിക്കളയാം എന്നതിനേക്കാൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനാണ് കൂടുതൽ പ്രാധാന്യം.

ശാരീരിക പ്രവർത്തനങ്ങളിൽ വ്യത്യാസം വരുന്നത് കാരണമുണ്ടാകുന്ന രോഗത്തെക്കാൾ അവയവങ്ങളുടെ ഘടനയിൽ വ്യത്യാസം വരുന്നത് കാരണമുണ്ടാകുന്ന രോഗങ്ങൾക്ക് ദീർഘകാല ചികിത്സ ആവശ്യമായി വരും. ഒരു രോഗം എത്രനാൾ ചികിത്സിച്ചില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ഒരു ഡോക്ടർക്ക് നിർദ്ദേശിക്കാൻ കഴിയും. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളിൽ രോഗിക്ക് മറ്റു വൈദ്യശാസ്ത്ര രംഗത്തെ മറ്റു ശാഖകളിലെ ഡോക്ടർമാരുടെ അഭിപ്രായം എങ്ങനെ എന്നതും കൂടി അന്വേഷിക്കാവുന്നതാണ്.

ഒരാൾക്ക്‌ പ്രമേഹമുണ്ടെന്നറിഞ്ഞാൽ എത്രയും വേഗം അതിനെ ഇല്ലാതാക്കുന്ന ചികിത്സയല്ലല്ലോ നിലവിലുള്ളത്. അനുബന്ധരോഗങ്ങൾ ഉണ്ടാകാതെ തന്നെ പ്രമേഹത്തെ കൈകാര്യം ചെയ്യുക എന്നതല്ലേ വേണ്ടത്. ഇതുപോലെയുള്ള നിരവധി രോഗങ്ങളുണ്ട്. അവയിൽ അടിയന്തര ചികിത്സയ്ക്കല്ല പ്രാധാന്യം. ഫാറ്റി ലിവറുള്ള ഒരാൾക്ക് നല്ല ഭക്ഷണവും വ്യായാമവുമാണ് വേണ്ടത്.

മരുന്നുമാത്രം പോര!

കൊളസ്‌ട്രോൾ കുറയ്ക്കാൻ കൃത്യമായ ഭക്ഷണവും വ്യായാമവും ഉപയോഗപ്പെടും. കൊളസ്‌ട്രോളിന് മരുന്ന് കഴിക്കുന്നവർ കരൾ രോഗം ഇല്ലെന്ന് ഉറപ്പു വരുത്തണം. വളരെവേഗം കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ കഴിയുമെങ്കിൽ കഴിക്കാതിരിക്കുക. അവ നിർത്തുമ്പോൾ പൂർവ്വാധികം വർദ്ധിക്കുന്നത് കാണാം.

അർശസ് രോഗമുള്ളവർ ശരിയായി ദഹിക്കുന്നതും മലശോധന ഉറപ്പുവരുത്തുന്നതുമായ ഭക്ഷണമാണ് കഴിക്കേണ്ടത്.

പനിയുടെ കാരണം കണ്ടെത്താതെ മരുന്ന് കഴിക്കരുത്. ലഘു ഭക്ഷണം, വിശ്രമം, തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കുക എന്നിവയ്ക്ക് പനിയിൽ പ്രാധാന്യമുണ്ട്.

വേദനയുള്ളവർ സന്ധികൾക്കോ ഞരമ്പുകൾക്കോ മാംസത്തിലോ വേദന എന്ന് തിരിച്ചറിയാതെയുള്ള മരുന്ന് പുരട്ടൽ, മസാജ് തുടങ്ങിയവ സ്വന്തമായിട്ടാണെങ്കിൽ പോലും ചെയ്യരുത്. മാംസം ശോഷിക്കൽ, തേയ്മാനം എന്നിവ കാരണവും വേദന ഉണ്ടാകാറുണ്ട്.

രക്തസമ്മർദ്ദം കൂടുതലുള്ളവർ എങ്ങനെയും പ്രഷറിനെ വലിച്ചു പിടിച്ച് താഴേക്ക് കൊണ്ടുവന്ന് നോർമലാക്കുന്ന മരുന്നുകൾ ഉപയോഗിച്ചാൽ ദോഷമാകുകയേയുള്ളൂ. മാനസിക വിക്ഷോഭങ്ങളും ഉറക്കവും കൂടി ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്.

ദഹന സംബന്ധമായ പൊരുത്തക്കേടുകൾ, എരിവും പുളിയും, കൃത്രിമ ആഹാരങ്ങൾ എന്നിവ ഉപയോഗിക്കുന്ന ശീലം,​ സമയത്തല്ലാത്ത ഭക്ഷണം ഇവ കൂടി ഒഴിവാക്കിയാൽ മാത്രമേ അസിഡിറ്റിയെയും അൾസറിനെയും വരുതിയിലാക്കാൻ കഴിയൂ.

ഇറിറ്റബിൽ ബവൽ സിൺഡ്രോം കുറയണമെങ്കിൽ ടെൻഷൻ, അസിഡിറ്റി, തോന്നിയ സമയത്തുള്ള ഭക്ഷണം ഇവ പാടില്ല.

ആരോഗ്യപ്രശ്നങ്ങളും ടെൻഷനും ഉറക്കക്കുറവുമുള്ളവർക്ക് മാനസികരോഗങ്ങളുടെ മരുന്ന് മാത്രം മതിയാകണമെന്നില്ല.

ഗർഭിണികളിൽ വിളർച്ചയ്ക്കും അനുബന്ധരോഗങ്ങൾക്കും വളരെ വീര്യം കുറഞ്ഞ മരുന്നുകൾ മാത്രം ഉപയോഗിച്ചുള്ള ചികിത്സയാണ് നല്ലത്.

കുട്ടികളിൽ പൊതുവെ കാണുന്ന മാനസികവും ശാരീരികവുമായ വളർച്ച സംബന്ധമായ പ്രശ്നങ്ങൾ, ചൊറി, ചിരങ്ങ്, നീണ്ടുനിൽക്കുന്ന ചുമ, ശ്വാസം മുട്ടൽ, വിളർച്ച, കൃമി, തുടർച്ചയായ തുമ്മൽ തുടങ്ങിയ രോഗങ്ങളിൽ ശക്തമായ മരുന്നുകൾ പ്രയോഗിക്കുന്നത് നല്ലതല്ല.

സ്ത്രീ രോഗങ്ങളായ വന്ധ്യത, വെള്ളപ്പൊക്ക്, ആർത്തവ സംബന്ധമായ രോഗങ്ങൾക്ക് വീര്യമുള്ള മരുന്നുകളും അടിയന്തര ചികിത്സയും ആവശ്യമില്ല.ഇവരിൽ അടിയന്തര ചികിത്സാ ചെലവ് കുറയ്ക്കാനും സാധിക്കും.

അടിയന്തര ചികിത്സ ആവശ്യമുള്ളപ്പോൾ രോഗികളെ എങ്ങനെ എത്രയും വേഗം രക്ഷിക്കാം എന്നതിന് വലിയ പ്രാധാന്യമുണ്ട്. അത്തരം സാഹചര്യങ്ങളിൽ മരുന്നിന്റെ ദോഷങ്ങൾക്ക് വലിയ പരിഗണന നൽകാനും കഴിയില്ല. എന്നാൽ, അല്ലാത്ത സന്ദർഭങ്ങളിലെല്ലാം ഏറ്റവും സുരക്ഷിതമായ മരുന്നിനും മറ്റു നിർദ്ദേശങ്ങൾക്കുമായിരിക്കണം പ്രാധാന്യം. അതുകൊണ്ട് മേല്പറഞ്ഞ സാഹചര്യങ്ങളിലെല്ലാം ഏറ്റവും സുരക്ഷിതമായ ആയുർവേദ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകൾ സ്വീകരിക്കാവുന്നതാണ്. ആരോഗ്യത്തോടെയിരിക്കാൻ വീര്യം കുറഞ്ഞതും എന്നാൽ ഫലപ്രദമായതുമായ ചികിത്സകൾ അനിവാര്യമാണ്.