കാട്ടാക്കട: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ടൂറിസം കേന്ദ്രങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്ന കാര്യത്തിൽ ആശങ്ക. ഹിൽ സ്റ്റേഷനുകൾ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ എന്നിവയാണ് തിങ്കളാഴ്ച് മുതൽ തുറന്നു പ്രവർത്തിപ്പിക്കാനാണ് തീരുമാനമായത്. ഹൗസ് ബോട്ടുകൾക്കും ടൂറിസ്റ്റ് ബോട്ടുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. അതേ സമയം പ്രഖ്യാപനം വന്ന തിങ്കളാഴ്ച്ച മലയോര മേഖലയായ നെയ്യാർ ഡാം കാപ്പുകാട് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആരും എത്തിയില്ല. പൊതുവിൽ കാപ്പുകാട് തിങ്കളാഴ്ച സന്ദർശകരെ അനുവദിക്കാറില്ല. സർക്കാർ നിർദേശം ഉണ്ടെങ്കിലും കുറ്റിച്ചൽ കോട്ടൂർ പ്രദേശങ്ങളിൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഉള്ളതിനാൽ തന്നെ ഉടൻ പൊതു ജനങ്ങൾക്കായി തുറന്നു നൽകേണ്ട എന്നാണ് ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചിരിക്കുന്നത്. രോഗം പകർ‌ന്നാൽ ആന പുനരധിവാസ കേന്ദ്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ആന പരിപാലനത്തെയും പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് കാപ്പുകാട് ആനപരിപാല കേന്ദ്രം ഇപ്പോൾ തുറക്കണ്ട എന്ന തീരുമാനത്തിൽ വനം വകുപ്പുള്ളത്. എന്നാൽ നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രം തിങ്കളാഴ്ച്ച സന്ദർശനത്തിന് അനുമതി നൽകിയിട്ടില്ല. നെയ്യാർഡാമിൽ മാൻ പാർക്ക്, ചീങ്കണി പാർക്ക്, കുട്ടികളുടെ പാർക്ക്, മണിമേട, ബോട്ടിംഗ്, ഉൾപ്പടെ വിവിധ കേന്ദ്രങ്ങൾ ഉണ്ട്. സർക്കാർ തീരുമാനം ആയെങ്കിലും ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചാലുടൻ സാദ്ധ്യത പരിശോധിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രമീകരണം ഒരുക്കും.