മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സുരാജിന് അർഹതയ്ക്കുള്ള അംഗീകാരമാണ്

ഇരുന്നൂറാമത്തെ സിനിമയായ പേരറിയാത്തവരാണ് ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്തത്. പക്ഷേ കൊമേഡിയനിൽ നിന്ന് സ്വഭാവ നടനിലേക്കുള്ള സുരാജിന്റെ മാറ്റം അടയാളപ്പെടുത്തിയ സിനിമ ആക്ഷൻ ഹീറോ ബിജുവാണ്. ശബ്ദവും ഭാവവും കൊണ്ട് ആ സിനിമയിലെ കൊച്ചു വേഷം സുരാജ് അവിസ്മരണീയമാക്കി.
ആൻഡ്രോയ്ഡ് കുഞ്ഞപ്പനും വികൃതിയും കണ്ടവർ ഒന്നടങ്കം പറഞ്ഞിരുന്നു ഇത്തവണ മികച്ച നടനുള്ള അവാർഡ് സുരാജിന് തന്നെയെന്ന്. സംസ്ഥാന അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ആ പ്രവചനം തെല്ലും തെറ്റിയില്ല.
ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ വൃദ്ധ വേഷമവതരിപ്പിച്ചപ്പോൾ തന്റെ അച്ഛന്റെ മാനറിസങ്ങളാണ് മാതൃകയാക്കിയതെന്ന് സുരാജ് പറഞ്ഞിരുന്നു. വികൃതിയിലെ വിക്കുള്ള ആ കഥാപാത്രത്തെയും സുരാജ് ഹൃദയത്തിൽ തൊട്ടാണ് അവതരിപ്പിച്ചത്.
ഇനിയുമൊരുപാട് വിസ്മയങ്ങൾ സുരാജ് എന്ന നടൻ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന്പ്രേക്ഷകർക്കറിയാം. ആ വിസ്മയങ്ങൾ കണ്ടെടുക്കേണ്ട കടമ ചലച്ചിത്രകാരന്മാരുടേതാണ്.ക്യൂനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിന്റെ കളമശ്ശേരിയിലെ ലൊക്കേഷനിലാണ് സുരാജ്ഇപ്പോൾ. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജും തുല്യപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രമെന്നതാണ് ജനഗണമനയുടെ പ്രത്യേകത.
''അവാർഡ്കിട്ടിയ സിനിമകൾ കൂടാതെ ഡ്രൈവിംഗ് ലൈസൻസും ഫൈനൽസുമുൾപ്പെടെ പോയവർഷം ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. അവാർഡ് നടനെന്ന നിലയിൽ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നുണ്ട്. അവാർഡ് കിട്ടിയ രണ്ട് സിനിമകളും പ്രേക്ഷകർ സ്വീകരിച്ചവയാണെന്നത് ഇരട്ടി സന്തോഷം." സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത റോയ് എന്ന ചിത്രത്തിലെ ടൈറ്റിൽ റോളാണ് സുരാജ് ഒടുവിൽ അഭിനയിച്ച്പൂർത്തിയാക്കിയത്.
കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന 'സൈക്കോ"യെ ഉജ്ജ്വലമാക്കിയ ഫഹദ് ഫാസിലാണ് മികച്ച സ്വഭാവ നടൻ. അതുല്യ നടനായ ഫഹദിന് ലഭിച്ച പുരസ്കാരവും അർഹതയ്ക്കുള്ള മറ്റൊരു ആദരവ് തന്നെ.