fake

നിയമനങ്ങളിൽ അവശ്യം പാലിക്കേണ്ട സുതാര്യതയ്ക്കും സ്വാഭാവിക നീതിക്കും നിരക്കാത്തതാണ് സംസ്ഥാനത്തെ സർവകലാശാലകളിലെ അനധികൃത നിയമനങ്ങളെക്കുറിച്ച് ഓഡിറ്റ് സംഘം വെളിപ്പെടുത്തുന്ന അമ്പരപ്പിക്കുന്ന കണക്ക്. ആറു സർവകലാശാലകളിലുമായി 911 അനധികൃത നിയമനങ്ങളുടെ പട്ടികയാണ് പരിശോധകർ പുറത്തുവിട്ടിരിക്കുന്നത്. സ്ഥിരം അദ്ധ്യാപക തസ്തികകൾ ഒഴിച്ചിടുകയും ആ ഒഴിവുകളിൽ താത്കാലികക്കാരെ നിയമിക്കുകയും ചെയ്യുന്ന സമ്പ്രദായം പണ്ടേതന്നെ സർവകലാശാലകളിൽ പതിവുള്ളതാണ്. കാലം കുറെ കഴിയുമ്പോൾ താത്‌കാലികക്കാർ സ്ഥാനമുറപ്പിക്കുന്നതും സാധാരണമാണ്. പബ്ലിക് സർവീസ് കമ്മിഷൻ വഴി നിയമനവും കാത്തിരിക്കുന്ന എത്രയോ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചുകൊണ്ടാണ് സർവകലാശാലകളിൽ ഈ തോന്ന്യാസം നടക്കാറുള്ളത്. അനധികൃത നിയമനങ്ങൾ സർവകലാശാലകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നുമില്ല. സർക്കാർ വകുപ്പുകളിലും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ അത് നിർവിഘ്നം നടന്നുവരുന്നു. ഒഴിവുകൾ യഥാകാലം പി.എസ്.സിക്കു റിപ്പോർട്ട് ചെയ്യാതെ വകുപ്പദ്ധ്യക്ഷന്മാർ പിൻവാതിൽ നിയമനങ്ങൾക്ക് കളമൊരുക്കാറുണ്ട്. സ്വന്തക്കാർക്കും പാർശ്വവർത്തികൾക്കും രാഷ്ട്രീയക്കാരുടെ അടുപ്പക്കാർക്കും ഇത്തരത്തിൽ ഓരോ മന്ത്രിസഭയുടെ കാലത്തും ധാരാളം നിയമനങ്ങൾ ലഭിക്കാറുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച കാണിക്കുന്ന വകുപ്പദ്ധ്യക്ഷന്മാർക്കെതിരെ ഭരണാധികാരികൾ ഇടയ്ക്കിടെ കലിതുള്ളുമെങ്കിലും ഏറെ കഷ്ടപ്പെട്ട് മത്സര പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഇടം പിടിച്ച് നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ പലപ്പോഴും വഞ്ചിക്കപ്പെടുകയാണു ചെയ്യുന്നത്. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും അവർക്കു ചൂണ്ടിക്കാണിക്കാൻ ഉണ്ടാകും.

സംസ്ഥാനത്തെ ആറു സർവകലാശാലകളിൽ നടന്ന അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് നിയമസഭയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. കൊച്ചി സർവകലാശാലയിൽ അനധികൃത മാർഗത്തിലൂടെ 270 പേരാണ് കയറിപ്പറ്റിയത്. ഇത്തരത്തിലുള്ള ഏറ്റവുമധികം നിയമനങ്ങൾ നടന്നിട്ടുള്ളത് സംസ്കൃത സർവകലാശാലയിലാണ്. അവിടെ 401 തസ്തികകളിലും ജോലി നോക്കുന്നത് താത്‌കാലികക്കാരാണ്. ഫിഷറീസ് സർവകലാശാലയിൽ അംഗീകൃത തസ്തികകളിൽ 27 പേർ മാത്രമുള്ളപ്പോൾ താത്കാലികക്കാർ 96 പേരാണ്. കണ്ണൂർ സർവകലാശാലയിലും സ്ഥിരം തസ്തികകളിലുള്ളവരെക്കാൾ അധികം പിൻവാതിലിലൂടെ എത്തിയവരാണ്. യഥാക്രമം 96- ഉം 112- ഉം എന്നതാണ് അവരുടെ സംഖ്യ. അവസരം ലഭിക്കാത്തതുകൊണ്ടോ എന്തോ മലയാളം സർവകലാശാലയിൽ മാത്രം ഈ ഗണത്തിൽ ഒരാളേ ഉള്ളൂ.

അദ്ധ്യാപകരാകാൻ ആവശ്യത്തിലേറെ യോഗ്യതകളും പ്രാഗത്ഭ്യവുമുള്ള യുവതീയുവാക്കൾക്ക് ഒരു കുറവുമില്ലാത്ത സംസ്ഥാനത്ത് സർവകലാശാലകൾ അവരുടെ മുന്നിൽ വാതിലുകൾ കൊട്ടിയടച്ച് താത്‌കാലികക്കാരെ തേടി പോകുന്നതിനു പിന്നിൽ തീർച്ചയായും ചില ലക്ഷ്യങ്ങളുണ്ടാകണം. സർവകലാശാലകളിൽ നിയമനാധികാരം പേറുന്നവരുടെ സ്വാർത്ഥ താത്പര്യങ്ങളാണ് പലപ്പോഴും ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങൾക്കു പിന്നിലെ പ്രേരകശക്തി. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഒരുവശത്ത് സർക്കാർ കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോൾ അതിനു വേദിയാകേണ്ട സർവകലാശാലകൾ അതിനു വിരുദ്ധമായ നടപടികളിലാണ് വ്യാപരിക്കുന്നത്. പഠിപ്പിക്കാൻ നിലവാരവും മിടുക്കുമുള്ള അദ്ധ്യാപകരില്ലെങ്കിൽ കുട്ടികളാണ് സമ്മർദ്ദത്തിലാകുന്നത്. കരാർ അദ്ധ്യാപകർക്കു കുട്ടികളോട് അത്ര വലിയ പ്രതിബദ്ധത ഉണ്ടാകണമെന്നില്ല. മണിക്കൂർ കണക്കാക്കി പ്രതിഫലം വാങ്ങുന്ന അവരിൽ നിന്ന് അതിനപ്പുറം പ്രതീക്ഷിച്ചിട്ടും കാര്യമില്ല. പഠനം കുത്തഴിയാനും അതിലൂടെ കുട്ടികളുടെ ഭാവി തകരാനും ഇടയാക്കുന്നതാണ് അദ്ധ്യാപന രംഗത്തെ കരാർ നിയമനങ്ങളെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ആകെ അദ്ധ്യാപക തസ്തികകളിൽ കരാർ നിയമനങ്ങൾ പത്തു ശതമാനത്തിൽ കൂടരുതെന്നാണ് യു.ജി.സി നിബന്ധന. എന്നാൽ നമ്മുടെ സർവകലാശാലകൾ ഈ നിബന്ധന പാലിച്ചുകാണുന്നില്ല. യോഗ്യരായ അദ്ധ്യാപകരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് ഈയിടെ കാർഷിക സർവകലാശാലയ്ക്കു കീഴിലെ നാല് കോളേജുകളിലെ 22 കോഴ്സുകൾക്ക് അഖിലേന്ത്യാ കാർഷിക കൗൺസിൽ അംഗീകാരം റദ്ദാക്കിയത്. സ്ഥിരം അദ്ധ്യാപക തസ്തികകൾ ഒഴിച്ചിട്ടുകൊണ്ട് വൻതോതിൽ താത്കാലികക്കാരെ തിരുകിക്കയറ്റുന്ന സർവകലാശാലകളെ നേർവഴിക്കു കൊണ്ടുവരാൻ സർക്കാരും നടപടി എടുക്കുന്നില്ല. സർക്കാർ വകുപ്പുകളിലും അതൊക്കെത്തന്നെയാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്.

അടുത്ത തിരഞ്ഞെടുപ്പിന് സമയം അടുത്തതുകൊണ്ടാവാം പിൻവാതിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ മുന്നിലെത്തുന്ന ഫയലുകളിൽ ഒപ്പുവ യ്ക്കരുതെന്ന് ഉദ്യോഗസ്ഥ പ്രമാണിമാർ നിലപാടെടുത്തതായി വാർത്ത പ്രചരിച്ചിട്ടുണ്ട്. അഡിഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉന്നതനാണ് ഐ എ.എസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഈ സന്ദേശമിട്ടതത്രെ. ക്രമവിരുദ്ധമായ നിയമനങ്ങളുണ്ടായാൽ ഭാവിയിൽ നിയമ നടപടി നേരിടേണ്ടിവന്നേക്കാമെന്ന വസ്തുത ഓർമ്മിപ്പിച്ചുകൊണ്ടുള്ളതാണ് സന്ദേശം. ചട്ടവിരുദ്ധമായ നിയമനങ്ങൾക്ക് ഒടുവിൽ തൂങ്ങേണ്ടിവരുന്നത് തലപ്പത്തുള്ളവരാകുമെന്നതിനാൽ ഇത്തരം ഫയലുകൾ സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാനെന്നാണ് ഉപദേശം. ഉദ്യോഗസ്ഥ പ്രമാണിമാർക്ക് പൊടുന്നനെ ഇത്തരത്തിൽ നിയമബോധവും വിവേകവും ഉദിച്ചതിനു പിന്നിലെ ചേതോവികാരം സംശയാസ്പദമാണ്. പലതും മുൻകൂട്ടി കണ്ടുകൊണ്ടുള്ള തന്ത്രപരമായ ചുവടുമാറ്റമായും ഇതിനെ കാണാവുന്നതാണ്. വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാരിന്റെ തീവ്രയജ്ഞം വഴിവിട്ട നിയമനങ്ങൾക്ക് അവസരമൊരുക്കുമെന്ന ആരോപണം നിലനിൽക്കുന്നതിനിടയിലാണ് ഉന്നത ഉദ്യോഗസ്ഥന്മാരുടെ വിവാദമാകാനിടയുള്ള ഈ സന്ദേശം പ്രചരിക്കുന്നതെന്ന കാര്യവും സ്മരണീയമാണ്. ഏതായാലും നേരായ മാർഗത്തിലൂടെ ഉദ്യോഗത്തിനു കാത്തിരിക്കുന്ന ലക്ഷങ്ങളെ കബളിപ്പിച്ചുകൊണ്ടുള്ള ഏതു നീക്കവും അപലപനീയം തന്നെയാണ്. സർവകലാശാലകളിലെന്നല്ല, സർക്കാരിനു കീഴിലുള്ള ഒരിടത്തും പിൻവാതിൽ നിയമനം അനുവദിച്ചുകൂടാത്തതാണ്. അവസര സമത്വമെന്ന സങ്കല്പത്തിനു തന്നെ നിരക്കാത്ത അധാർമ്മികവും നിയമവിരുദ്ധവുമായ നടപടിയാണത്.